കോട്ടയം: പാലായിൽ പിങ്ക് പോലീസ് എത്തിയിട്ടു ഒരു വർഷം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്ത്രീകളുടെ സുരക്ഷ മുൻ നിർത്തി ഒട്ടേറെ പ്രവർത്തനങ്ങളാണു പിങ്ക് പോലീസ് പാലായിലും പരിസര പ്രദേശങ്ങളിലും നടത്തിയിരിക്കുന്നത്.
വീടുകളിൽ ഒറ്റപ്പെട്ടു പോയ നിരവധി പ്രായമായ സ്ത്രീകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലെത്തിക്കാൻ പിങ്ക് പോലീസിനു കഴിഞ്ഞിട്ടുണ്ട്. വിവിധങ്ങളായ പ്രശ്നങ്ങളിൽ ബുദ്ധിമുട്ടിയ നിരവധി വിദ്യാർഥിനികൾക്കു പിങ്ക് പോലീസിന്റെ നേതൃത്വത്തിൽ കൗണ്‍സലിംഗ് നല്കി.
പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ സബ്ഡിവിഷനുകളുടെ കീഴിലാണു ദിവസവും രാവിലെ മുതൽ രാത്രിവരെ രണ്ടു വാഹനങ്ങളിൽ പിങ്ക് പോലീസ് പട്രോളിംഗ് നടത്തുന്നത്. രണ്ടു എസ്ഐമാർ ഉൾപ്പെടെ എട്ടു വനിതാ പോലീസുകാരാണു പാലാ പിങ്ക് പോലീസിലുള്ളത്.
ഇവരിൽ നാലുപേരാണ് ഒരു ദിവസം ഡ്യൂട്ടി ചെയ്യുന്നത്. ഒരു വർഷത്തിനുള്ളിൽ വനിതകൾക്കുള്ള ഹെൽപ്പ് ലൈൻ നന്പറിൽ ലഭിച്ച നുറുകണക്കിനു കോളുകൾക്കു ഇവർ അടിയന്തിര സഹായം എത്തിച്ചു നല്‍കിയിട്ടുണ്ട്. പിങ്ക് പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ പാലായിൽ സ്ത്രീകൾ പൂർണ സുരക്ഷിതരാണ്.
സ്ത്രീകൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുക, വനിത ഹോസ്റ്റലുകൾ സന്ദർശിക്കുക, ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കു ആവശ്യമായ സഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളാണു ദിവസവും പാലായിലെ പിങ്ക് പോലീസ് ചെയ്തുവരുന്നത്.
പാലാ ഡിവൈഎസ്പി വി.ജി വിനോദ്കുമാറിന്റെ നിർദേശ പ്രകാരംഎസ്ഐമാരായ ടി.കെ. മിനി, പി.കെ. കുഞ്ഞുമോൾ, വനിത പോലീസുകാരായമഞ്ജു ഗോപി, മറിയാമ്മ ജേക്കബ്, ബി. ഹൻസി, ഇന്ദു, ബിന്ദു, രമ്യ എന്നിവരാണ് പാലായിലെ പിങ്ക് പോലീസിലുള്ളത്.