കോട്ടയം: കൊട്ടിഘോഷിച്ചു ജില്ലയിൽ നടപ്പാക്കിയ പാലായിലെ പിങ്ക് പോലീസിന്റെ സേവനം നിലച്ചിട്ട് മൂന്നു മാസം. പിങ്ക് പോലീസിന്റെ വാഹനം കട്ടപ്പുറത്തായതോടെയാണ് സേവനം നിലച്ചത്.
കഴിഞ്ഞ ഏപ്രിൽ 29നാണ് വാഹനം കേടായത്. തുടർന്നു വാഹനം അംഗീകൃത ഷോറൂമിൽ തന്നെ തകരാർ പരിഹരിക്കുന്നതിനായി നല്കിയെങ്കിലും നാളിതു വരെ തകരാർ പരിഹരിച്ചു വാഹനം തിരികെ എത്തിച്ചിട്ടില്ല. ഇതോടെ പിങ്ക് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരെ പാലായിലെ സ്റ്റേഷനിലേക്കു മാറ്റുകയും പിങ്ക് പോലീസിന്റെ പാലായിലെ സേവനം അവസാനിക്കുകയും ചെയ്തു.
സംസ്ഥാനത്താകെ വനിതകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് പിങ്ക് പോലീസ് സംവിധാനം ഏർപ്പെടുത്തിയത്. പിങ്ക് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു പരാതി അറിയിക്കുന്നവരെ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അവരുടെ സ്ഥലങ്ങളിലെത്തി ആവശ്യമായി സഹായം ചെയ്തു നല്കിയിരുന്നു.
ലോക് ഡൗണ് കാലത്ത് മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പാലായിലെ പിങ്ക് പോലീസ് നിരവധി സഹായങ്ങൾ ചെയ്തു നല്കിയിരുന്നു.പിങ്ക് പോലീസിനെ കാണാതായതോടെ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന സംഭവങ്ങൾ വർധിച്ചിട്ടുമുണ്ട്.
പല സമയങ്ങളിലും പിങ്ക് പോലീസിലേക്കു ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും നിരവധി പേർ ഫോണിൽ വിളിച്ചു പരാതി പറയുന്നുണ്ടെങ്കിലും വാഹനമില്ലാത്ത സ്ഥലത്തേക്കു പോകാനാവാത്ത സ്ഥിതിയിലാണ് പാലായിലെ പിങ്ക് പോലീസ് അംഗങ്ങൾ.
ബന്ധപ്പെട്ടവർ വാഹനത്തിന്റെ തകരാർ പരിഹരിക്കുന്നതിനാവശ്യമായ പണം അനുവദിച്ചു നല്കാത്തതു കൊണ്ടാണ് വാഹനത്തിന്റെ തകരാർ പരിഹരിക്കാത്തതെന്നും പരാതിയുണ്ട്. സ്്ത്രീകളുടെ സുരക്ഷ മുൻനിർത്തി വാഹനം തകരാർ പരിഹരിച്ചു തിരികെ എത്തിച്ചു പിങ്ക് പോലീസ് സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.