പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാർഥിനികൾക്കും ഇനി 1515 എന്ന ടോൾഫ്രീ നന്പറിലേക്ക് വിളിച്ച് സഹായം ആവശ്യപ്പെടാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായി രൂപവത്കരിച്ചിട്ടുള്ള പിങ്ക് പോലീസ് പാലക്കാട് ജില്ലയിലും പ്രവർത്തനം ആരംഭിക്കുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രം നേരിട്ടു നിയന്ത്രിക്കുന്ന പിങ്ക് പൊലീസിന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ- നിയമ -സാംസ്ക്കാരിക -പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ 16 രാവിലെ 9.30ന് ജില്ലാ പൊലീസ് ഓഫീസ് അനെക്സിൽ നിർവഹിക്കും.
പൊലീസ് സ്റ്റേഷനുകളേയും കണ്ട്രോൾ റൂമുകളേയും സമന്വയിപ്പിച്ചാണ് പിങ്ക് പട്രോൾ സംവിധാനം നടപ്പാക്കുക. ഡി.പി.ഒ അനക്സ് അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. ശശികുമാർ അധ്യക്ഷനാകും. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തും.
സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സെയ്താലി, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി കെ.എൽ.രാധാകൃഷ്ണൻ, ജി.ഡി.വിജയകുമാർ പരിപാടിയിൽ പങ്കെടുക്കും.