പാലക്കാട്: സ്ത്രീകൾ-കുട്ടികൾ-മുതിർന്ന പൗരന്മാർ എന്നിവർ നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിനുള്ള പിങ്ക് പൊലീസ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാർ പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച്, വനിതാസെൽ, പിങ്ക് പോലീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിക്രമങ്ങൾ നേരിടുന്നവർക്ക് ഭയരഹിതമായി സംസാരിക്കാനുള്ള ഇടമാണ് പിങ്ക് പൊലീസ് സജ്ജമാക്കുനതെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ പിങ്ക് പൊലീസിന്റെ 1515 പട്രോളിങ് ടോൾഫ്രീ സേവനത്തിലൂടെ സുരക്ഷയുറപ്പാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ വനിതാസെൽ എസ്.ഐ. വി.കെ. ബേബി അറിയിച്ചു.
നവമാധ്യമങ്ങളുടെ കടന്ന് വരവോടെ യുവതലമുറ നേരിടുന്ന വെല്ലുവിളികൾ സമൂഹത്തിന്റെ മുഖഛായക്ക് കോട്ടം സൃഷ്ടിച്ചെന്നും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ ഓരോരുത്തരും നിയന്ത്രണം ഏർപ്പെടുത്തണമെന്നും എസ്.ഐ വ്യക്തമാക്കി. പരിപാടിയിൽ വനിതാസെൽ ഫാമിലി കൗണ്സലർ സുമതി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
പിങ്ക് പോലീസിന്റെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം സഹായം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ലഭിക്കും. പോലീസ് സ്റ്റേഷനുകൾ, കണ്ട്രോൾ റൂമുകൾ സമന്വയിപ്പിച്ചാണ് പിങ്ക് പട്രോൾ സംവിധാനം നടപ്പാക്കുന്നത്. സ്ത്രീ സുരക്ഷ-പിങ്ക് പൊലീസ് സേവനങ്ങൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടത്തി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നൂർമുഹമ്മദ്, കേരള പോലീസ് അസോസിയേഷൻ സെക്രട്ടറി ശിവകുമാർ, ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ അച്യുതാനന്ദൻ, വനിതാസെൽ എസ്.ഐ മാരായ അനിലാകുമാരി, പ്രീത ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.