ചാലക്കുടി: പിങ്ക് പോലീസിന്റെ സഹായം ശ്രീഹരിക്കു വീടു ലഭിച്ചു.ഒരുവർഷംമുന്പ് പിങ്ക് പോലീസ് ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോൾ ഏത് നിമിഷവും നിലംപൊത്താറായ വീടാണ് കണ്ടത്. ശ്രീഹരിയുടെ ഒരു പരാതി പരിഹരിക്കാനാണ് പിങ്ക് പോലീസ് വീട്ടിലെത്തിയത്.
വീടിന്റെ ശോചനീയാവസ്ഥ കണ്ട് ഒരു വീട് നിർമിച്ചു നൽകാൻ പിങ്ക് പോലീസ് തീരുമാനിച്ചു. അപ്പോഴാണ് കൊരട്ടി ലത്തീൻപള്ളി കഴിഞ്ഞ വർഷത്തെ തിരുനാളിനോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിനു വീട് നിർമിച്ചുനൽകുവാൻ ഉദ്ദേശിക്കുന്നതായി അറിഞ്ഞത്.
പിങ്ക് പോലീസ് പള്ളി അധികൃതരുമായി സംസാരിക്കുകയും ഹരിയുടെ പൂലാനിയിലുള്ള വീട്ടിൽ എത്തുകയും ശ്രീഹരിക്ക് വീട് നിർമിച്ചു നൽകാമെന്നു സമ്മതിക്കുകയും ചെയ്തു.
ഇതേതുടർന്ന് വീട് നിർമിച്ച് ശ്രീഹരിക്കും കുടുംബത്തിനും താക്കോൽ കൈമാറുകയും ചെയ്തു.പണയത്തിലായിരുന്ന വീടിന്റെ ആധാരം പണം അടച്ച് തിരികെ വാങ്ങിക്കൊടുക്കുകയും ചെയ്തു.
ഇക്കുറി പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ പി.എം.ഷൈലയും സുനിതയും ശ്രീഹരിയുടെ പുതിയ വീട്ടിലെത്തി പുതുവസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.