ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള ഏകദിന പരന്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ചു നിൽക്കുന്ന ടീം ഇന്ത്യ പരന്പര നേട്ടത്തിന് ഒരു ജയം അകലെ. ഇന്നു നടക്കുന്ന നാലാം മത്സരം ജയിച്ചാൽ ഇന്ത്യ ആദ്യമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരന്പര സ്വന്തമാക്കും. ആറു മത്സരങ്ങളുടെ പരന്പരയിൽ ഇന്ത്യ 3-0ന് മുന്നിലാണ്.
2010-11ൽ മഹേന്ദ്ര സിംഗ് ധോണി നയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളുടെ ഏകദിന പരന്പരയിൽ 2-1ന് മുന്നിൽനിന്നശേഷം 3-2ന് പരന്പര അടിയറവുവച്ചു. മൂന്നു മത്സരം ജയിച്ചു കഴിഞ്ഞ വിരാട് കോഹ്ലിയുടെ സംഘത്തിന് ഒരു ജയം മാത്രം നേടിയാൽ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു പരന്പര നേട്ടം സ്വന്തമാക്കാനാകും. ആദ്യ മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യ വാണ്ടറേഴ്സിൽ ഇന്നത്തെ മത്സരവും ജയിച്ച് പരന്പര നേട്ടം വൈകിക്കാതിരിക്കാനാകും ഇറങ്ങുക.
പ്രധാന കളിക്കാർക്കെല്ലാം പരിക്കിന്റെ പിടിയിൽ അമർന്നിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ ഇന്നത്തെ മത്സരത്തിൽ എ.ബി. ഡിവില്യേഴ്സ് ചേരുന്പോൾ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. വിരലിനേറ്റ പരിക്കിനെത്തുടർന്ന് ഡിവില്യേഴ്സിന് ആദ്യ മൂന്ന് ഏകദിനത്തിൽ കളിക്കാനായില്ല. ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഡി വില്യേഴ്സ് ഇന്ന് കളിക്കുന്ന കാര്യത്തിൽ ഒൗദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയുടെ കൈക്കുഴ സ്പിന്നർമാർമാരായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ കുഴക്കുന്നത്. ഇവരെ എങ്ങനെ നേരിടണമെന്ന് അറിയാതെ ബാറ്റ്സ്മാന്മാരെല്ലാം കീഴടങ്ങുകയാണ്. മൂന്നു മത്സരങ്ങളിൽ ഇന്ത്യൻ ബൗളർമാർ വീഴ്ത്തിയ 30 വിക്കറ്റുകളിൽ 21 എണ്ണവും ഇവർക്കാരായിരുന്നു.
പിങ്ക് ഏകദിന മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ മത്സരം ദക്ഷിണാഫ്രിക്കയുടെ ഹോം സീസണിൽ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ സ്തനാർബുദത്തെകുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയും അതിനൊപ്പം രോഗം ബാധിച്ചവർക്കുള്ള സഹായധനവുമാണ് ഈ മത്സരത്തിൽ ലക്ഷ്യമിടുന്നത്. 2011 ൽ ആരംഭിച്ച പിങ്ക് ഏകദിന മത്സരത്തിന്റെ ആറാമത്തെ മത്സരമാണ് ഇന്ന്. പിങ്ക് ജഴ്സിയിൽ ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയപ്പോളൊന്നും അവർ തോറ്റിട്ടില്ല.
പിങ്ക് ജഴ്സിയിൽ ഡിവില്യേഴ്സിന് മികച്ച റിക്കാർഡാണ് ഉള്ളത്. 2015ൽ വെസ്റ്റ് ഇൻഡീസിനെതിരേ 44 പന്തിൽ 149 റണ്‍സ് അടിച്ചുകൂട്ടി. 2013ൽ ഇന്ത്യ ആദ്യമായായി പിങ്ക് ഡേ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ താരം 47 പന്തിൽ 77 റണ്‍സാണ് നേടിയത്. ആ മത്സരത്തിൽ ദക്ഷിണാഫ്രിക്ക നാലു വിക്കറ്റിന് 358 റണ്‍സ് ആണ് നേടിയത്. പേസും ബൗണ്‍സും നിറഞ്ഞ പിച്ചിൽ ഇന്ത്യ 141 റണ്‍സിനു തോറ്റു.