എടത്വ: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ നടക്കും. ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാല കലങ്ങൾ നിറഞ്ഞു. നാളെ പുലർച്ച പൊങ്കാല ചടങ്ങുകൾ തുടങ്ങും. നാവിൽ ദേവീ സ്തുതികളും കൈയിൽ പൂജാദ്രവ്യങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകൾ ദേവീകടാക്ഷത്തിനായി പൊങ്കാല അർപിക്കും. പുലർച്ചെ നാലിന് ഗണപതിഹോമവും നിർമാല്യദർശനവും 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും.
ഒന്പതിന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. ദേവസം കമ്മീഷണർ ഹർഷൻ മുഖ്യാതിഥിയായിരിക്കും.
ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുന്പോൾ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദർശി രാധാകൃക്ഷ്ണൻ നന്പൂതിരി അഗ്നി പകരും. പൊങ്കാലയുടെ ചടങ്ങുകൾക്ക് കാര്യദർശി മണിക്കുട്ടൻ നന്പുതിരി നേതൃത്വം വഹിക്കും.
പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നളളത്ത് തിരികെ ക്ഷേത്രത്തിൽ എത്തിയാലുടൻ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും. ഉണ്ണികൃഷ്ണൻ നന്പൂതിരി, അശോകൻ നന്പൂതിരി, രഞ്ജിത്ത് ബി. നന്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. വൈകുന്നേരം 5.30ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും.
കേരളത്തിൽനിന്നും ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എംപി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും. യുഎൻ വിദഗ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് ഐഎഎസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, പിആർഒ സുരേഷ് കാവുംഭാഗം, രമേശ് ഇളമൻ, അജിത്ത് പിഷാരത്ത്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പ്രസംഗിക്കും.
പൊങ്കാലയ്ക്കുള്ള വിപുലമായ ക്രമീകരണങ്ങളും പൂർത്തിയായി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈതാനത്തും, കോട്ടയം, തൃശൂർ, പുനലൂർ ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ല മുനിസിപ്പിൽ സ്റ്റേഡിയത്തിലും, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സബ്സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, വാട്ടർ അഥോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി ഏഞ്ചൽസ് സ്കൂൾ എന്നീ മൈതാനങ്ങളിലും പാർക്ക് ചെയ്യേണ്ടതാണ്. കെഎസ്ആർറ്റിസി ബസുകൾക്കായി തലവടി പഞ്ചായത്ത് ഗ്രൗണ്ടിൽ താൽക്കാലിക ബസ് സ്റ്റാൻഡും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.