തിരുവനന്തപുരം: ആറ്റിങ്ങലിൽ പിതാവിനെയും മകളെയും പൊതുമധ്യത്തിൽ മോഷ്ടാക്കളാക്കി ചിത്രീകരിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പിങ്ക് പോലീസിന്റെ അതിക്രമത്തിനിരയായ എട്ട് വയസുകാരിയായ പെണ്കുട്ടിയാണ് കോടതിയിൽ ഹർജി നൽകിയത്.
ജയചന്ദ്രനെയും മകളെയും സിവിൽ പോലീസ് ഓഫീസർ രജിതയാണ് പരസ്യവിചാരണ നടത്തിയത്.
തങ്ങളെ അപമാനിച്ച പോലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ്. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുട്ടി ഹർജിയിൽ പറയുന്നു.
സംഭവത്തിൽ തനിക്ക് മാനസിക സമ്മർദം ഉണ്ടായി. തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു.
തനിക്ക് കൗൺസിൽ ഉൾപ്പെടെ ആവശ്യമായി വന്നിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥയ്ക്കെതിരെ നടപടികൾ സ്വീകരിച്ചില്ലെന്നും ഹർജിലുണ്ട്.
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്തദിവസം ഹൈക്കോടതി പരിഗണിക്കും.
ആറ്റിങ്ങലിൽ ഐഎസ്ആർഒയിലേക്കുള്ള യന്ത്രസാമഗ്രികൾ കൊണ്ടു വരുന്നതു കാണാനെത്തിയ ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയും മൊബൈൽ ഫോണ് മോഷ്ടിച്ചു എന്നാരോപിച്ചാണ് സിവിൽ പോലീസ് ഓഫീസറായ രജിത അപമാനിച്ചത്.
ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പോലീസിന്റെ വാഹനവും പാർക്ക് ചെയ്തിരുന്നു.
അച്ഛനെയും മകളെയും പൊതുനിരത്തിൽ മണിക്കൂറുകളോളം പോലീസുകാരി പരസ്യവിചാരണ നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പിന്നീട് മോഷണം പോയെന്നു അവകാശപ്പെട്ട ഫോണ് പോലീസ് വാഹനത്തിൽ നിന്നു കണ്ടെത്തിയിട്ടും ഇവർ അച്ഛനോടും മകളോടും മാപ്പു പറയാനോ തയാറായില്ല. ഇതോടെ നാട്ടുകാരും വിഷയത്തിൽ ഇടപ്പെട്ടിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി സിവിൽ പോലീസ് ഓഫീസറായ രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്നായിരുന്നു റിപ്പോർട്ട് നൽകിയത്.
സംഭവം പുറത്ത് വന്നതിന് ശേഷം ഉദ്യോഗസ്ഥ രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.