കോട്ടയം: കടയിൽനിന്നു വാങ്ങിയ ബാഗിൽ സാധനങ്ങൾ നിറച്ചപ്പോൾ കീറിപ്പോയതിനെത്തുടർന്ന് ബാഗ് മാറിത്തരാനായി കടയിലെത്തിയ യുവതിക്കു സഹായവുമായി പിങ്ക് പോലീസ്.
പോലീസ് എത്തിയതോടെ ബാഗ് മാറ്റിത്തരില്ലെന്നു പറഞ്ഞ കടയുടമ ബാഗ് മാറി നൽകി.
തിങ്കളാഴ്ച രാവിലെ 11.30നു കോട്ടയം നാഗന്പടത്തായിരുന്നു സംഭവം. ’സാറെ, 400 രൂപകൊടുത്ത് വാങ്ങിയ ബാഗാണ്, കുറച്ച് സാധനങ്ങൾ വച്ചു ബാഗെടുത്തപ്പോൾ ബാഗ് കീറി സാധനങ്ങൾ മുഴുവൻ നിലത്തുവീണു.
കടയിൽച്ചെന്നപ്പോൾ മാറ്റിനൽകില്ലെന്നാണ് പറഞ്ഞത്. പല ആളുകളും പറഞ്ഞു നിങ്ങളോട് പറഞ്ഞാൽ സഹായിക്കുമെന്ന്, അതുകൊണ്ടു വന്നതാണ്.’
കോട്ടയം ചെങ്ങളം സ്വദേശിയായ യുവതിയാണ് കീറിയ ബാഗ് മാറ്റിയെടുക്കാനായി പിങ്ക് പോലീസിനു മുന്നിലെത്തിയത്.
യുവതിയുടെ സംഭാഷണം കേട്ട് ആദ്യം പിങ്ക് പോലീസ് ഒന്ന് അന്പരന്നെങ്കിലും പിന്നീട് യുവതിയോടു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.
ഹോം നഴ്സായ യുവതി ജോലി ആവശ്യത്തിനുവേണ്ടിയാണു കോട്ടയത്തെ കടയിൽനിന്ന് ബാഗ് വാങ്ങിയത്. വാങ്ങി വീട്ടിൽ കൊണ്ടുചെന്നയുടൻ ബാഗ് കീറിപ്പോകുകയായിരുന്നു.
ബാഗ് മാറ്റാനായി തിരികെ കടയിലെത്തിയെങ്കിലും കടക്കാരൻ ബാഗ് മാറ്റിനൽകാൻ തയാറായില്ല. ബാഗ് വാങ്ങിയ സമയത്ത് കടയിൽനിന്നു ബില്ലും നൽകിയിരുന്നില്ല.
വീണ്ടുമൊരു 400 രൂപയെടുക്കാനുള്ള ബുദ്ധിമുട്ടിൽ വിഷമിച്ചിരുന്ന സമയത്താണ് സുഹൃത്ത് പറഞ്ഞത് പോലീസിന്റെ സഹായം തേടാൻ.
വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥരായ താനിയ, സബീന, ജ്യോതിമോൾ എന്നിവർ അപ്പോൾത്തന്നെ പോലീസ് വാഹനത്തിൽ യുവതിയുമായി നഗരത്തിലെ കടയിലെത്തി.
ഉടമയുമായി സംസാരിച്ചു. ബാഗ് മാറ്റി നൽകിയില്ലെങ്കിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും പോലീസ് അറിയിച്ചു. അപ്പോൾത്തന്നെ കടയുടമ യുവതിക്ക് പുതിയ ബാഗ് മാറ്റിനൽകി പ്രശ്നം പരിഹരിച്ചു.