ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ഷാജി പാപ്പനും പിള്ളേര്‍ക്കും വടം വലി മത്സരത്തില്‍ സമ്മാനമായി കിട്ടിയ പിങ്കി എന്ന ആട് കേരളക്കരയില്‍ ഉണ്ടാക്കിയ സ്വാധീനം ചില്ലറയൊന്നുമായിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്പോള്‍ സംവിധായകന് മിഥുന് മാനുവല്‍ തോമസും പിങ്കിയുമൊത്തുള്ള ചിത്രം നിറഞ്ഞ മനസോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് പിങ്കിയില്‍ വന്ന മാറ്റം ചെറുതൊന്നുമല്ല. ആറിലധികം ആട്ടിന്‍ കുട്ടികളുടെ അമ്മയാണ് പിങ്കി ഇപ്പോള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കുറച്ചു ഭാഗങ്ങളില്‍ പിങ്കി അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ രണ്ടാം ഭാഗത്തുമുണ്ടാകുമെന്നാണ് നിര്‍മാതാവ് വിജയ് ബാബു പറയുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ തൊടുപുഴയില്‍ ചിത്രീകരിച്ചിരുന്നു. ഇപ്പോള്‍ അങ്കമാലിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.