വിഴിഞ്ഞം: കോവളം തീരത്ത് എത്തിയിരുന്ന സഞ്ചാരികളുടെ പ്രീയങ്കരിയായിരുന്ന പിങ്കി എന്ന നായക്ക് യാത്രാമൊഴി നൽകാൻ സ്വദേശിയരും വിദേശിയരും.
കോവളംലൈറ്റ് ഹൗസ് തീരത്തെ റിസോർട്ടിലെ പിങ്കി എന്ന പതിനെട്ടു വയസുള്ള നായയ്ക്കാണ് നാട്ടുകാർ ആദരവ് നൽകിയത്. വെള്ളിയാഴ്ച്ച രാവിലെ പതിവ് കടൽ കുളിക്കിടയിലാണ് സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പിങ്കി തളർന്നു വീഴുന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട വിദേശികളിൽ ചിലർ ഉടൻതന്നെ വിവരം റിസോർട്ട് ഉടമയെ അറിയിച്ചു.
തുടർന്ന് പിങ്കിയുടെ ജഡം ഹോട്ടലിനു മുന്നിലെ നടപ്പാതയ്ക്ക് വശത്തായി തുണി വിരിച്ചു കിടത്തി. ആദരസൂചകമായി ചന്ദന തിരികത്തിക്കുകയും റീത്തു വെയ്ക്കുകയും ചെയ്തു. ചുവന്ന പട്ടും പിങ്കിയെ പുതപ്പിച്ചു. 2000 ഫെബ്രുവരി 15 നാണ് നെയ്യാറ്റിൻകരയിൽ നിന്നുമാണ് രണ്ടുമാസം പ്രായമുള്ള പിങ്കിയെ വാങ്ങുന്നത്.
ഹോട്ടലിനു പിന്നിലെ പറമ്പിൽ തന്നെയാണ് ഉടമസ്ഥർ പിങ്കിക്ക് അന്ത്യവിശ്രമം ഒരുക്കിയതും. വിവരം അറിഞ്ഞു സമീപത്തെ ഹോട്ടലുകളിൽ താമസിക്കുന്ന പിങ്കിക്ക് പ്രിയപ്പെട്ട വിദേശിയരും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരും എത്തിയിരുന്നു.