ചാത്തന്നൂർ: പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിൽ പിൻവാതിൽ നിയമനം നടത്തുന്നതായി ആന്റി കറപ്ഷൻ പീപ്പിൾസി മൂവ് മെൻറ്.(എസിപിഎം.) 2019 ൽ 14 ജില്ലകളിലേയ്ക്കും പഞ്ചായത്ത് ലൈബ്രേറിയൻ തസ്തികയിലേക്ക് നിയമനത്തിന് പിഎസ് സി റാങ്ക് ലിസ്റ്റ് തയാറാക്കി.
ഈ റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴാണ് പിൻവാതിൽ നിയമനം നടത്തുന്നത്. പല ജില്ലകളിലും ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. നിലവിൽ യോഗ്യതകൾ പോലും പരിഗണിക്കാതെ പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുകയാണ്.
2019 ജൂൺ 11-ന് 267 പേരെയും നവമ്പർ 28-ന് 88 പേരെയും ഇത്തരത്തിൽ പാലക്കാട്, കാസർകോഡ് ജില്ലകളിലായി നിയമിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖ പ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന കാർഷിക വികസന ബാങ്കിൽ ഉൾപ്പെടെ ഇത്തരം നടപടികൾ വ്യാപകമായി കൊണ്ടിരിക്കുകയാണെന്നും ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് ആരോപിച്ചു. എല്ലാ യോഗ്യതകളും നേടി പിഎസ്സി.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരെ അവഗണിക്കുകയും അവസരം നഷ്ടപ്പെടുത്തുകയുമാണ് പിൻവാതിൽ നിയമനത്തിലുടെ ചെയ്യുന്നത്. അനർഹരായവരെ തിരുകി കയറ്റുന്ന ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന് എസിപിഎം ചാത്തന്നൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പിഎസ് സി. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നല്കണം. യോഗത്തിൽ പ്രസിഡന്റ് ജി.ദിവാകരൻ അധ്യക്ഷനായിരുന്നു.മാമ്പള്ളിക്കുന്നം ജി.ആർ.രഘുനാഥ്, കെ.രാമചന്ദ്രൻപിള്ള, ജി.ആർ.ഗോപകുമാർ, ആർ.ഷൈല, എസ്.രാജീവ്, സി.ഓമനക്കുട്ടൻ പിള്ള, ജി.ആർ.അജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.