കണ്ണൂർ: ഗതാഗതനിയമം ലംഘിക്കുന്നവരിൽ നിന്ന് കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നത് വരെ ഉയർന്ന പിഴസംഖ്യ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം മറ്റു നടപടികൾ സ്വീകരിക്കും.കേന്ദ്രത്തിന്റെ പുതിയ നിലപാട്, മുഖ്യമന്ത്രിമാരുടെ യോഗം എന്നിവ സംബന്ധിച്ചു ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പിഴ സംഖ്യ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയുമോയെന്നും പരിശോധിക്കും.എല്ലാ സംസ്ഥാനങ്ങൾക്കും യോജിക്കാൻ കഴിയുന്ന ഒരു തീരുമാനമുണ്ടായാൽ അതനുസരിച്ച് തീരുമാനിക്കും. പുതിയ ബില്ല് സംസ്ഥാന സർക്കാരിന്റെ അധികാരത്തിലേക്ക് കടന്നുകയറ്റമെന്നും മോട്ടോർ വാഹന മേഖല കുത്തകവത്ക്കരിക്കപ്പെടുമെന്നും പൊതു ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.