ഇൻഡോർ: മാസ്ക് കൃത്യമായി ധരിക്കാത്തതിന് മകന്റെ മുൻപിൽവച്ച് പിതാവിന് പോലീസിന്റെ ക്രൂരമർദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ കൃഷ്ണ കെയര്ക്കാണ് മര്‍ദനമേറ്റത്. ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പോകുന്നവഴിക്കാണ് കൃഷ്ണയ്ക്ക് മര്‍ദനമേറ്റത്. മാസ്ക് ശരിയായി ധരിക്കാത്തതിനാണ് തന്നെ പോലീസ് മര്‍ദിച്ചതെന്ന് കൃഷ്ണ ആരോപിക്കുന്നു.
റോഡില്‍വച്ച് പോലീസ് കൃഷ്ണയുടെ വാഹനം കൈകാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് ഇയാളോട് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ഇവര്‍ നിര്‍ദേശിച്ചു. എന്നാല്‍ കൃഷ്ണ ഇത് നിരസിച്ചപ്പോഴാണ് ഇവര്‍ മര്‍ദ്ദനം ആരംഭിച്ചത്.
റോഡില്‍ വീണ കൃഷ്ണയെ രണ്ട് പോലീസുകാര്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ഈ സമയം കൃഷ്ണയുടെ കുഞ്ഞ് സംഭവം കണ്ട് പേടിച്ച് കരയുന്നുണ്ട്.
എന്നാല്‍ പോലീസുകാരെ തടയാന്‍ ആരും തയാറായില്ല. ദൃശ്യങ്ങള്‍ അടുത്തു നിന്നയാളാണ് പകര്‍ത്തിയത്.
കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാത് എന്നാണ് ഈ പോലീസുകാരുടെ പേര്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ചതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.