തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വീട്ടിനകത്ത് വെള്ളം കയറി. പാൽകുളങ്ങര ഇലഞ്ഞിപ്പുറം ലൈൻ വിജയൻ നായരുടെ വീടായ ചിത്രയിലാണ് ( ഇആർഎ-67) വെള്ളം കയറിയത്.
ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. വിജയൻനായർ വെളുപ്പിന് ഉറക്കമുണർന്നപ്പോഴാണ് വീട്ടിലെ കോന്പൗണ്ട ിനകത്ത് വെള്ളം കയറിയ നിലയിൽ കണ്ട ത്.
വളരെ വേഗത്തിൽ വീട്ടിലെ കിടപ്പുമുറികളിൽ ഉൾപ്പെടെ വെള്ളം കയറി. മുട്ടോളം ഉയരത്തിൽ വെള്ളം ഉയർന്ന് പൊങ്ങിയിരുന്നു. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും അവരാരും എത്തിയില്ലെന്ന് വിജയൻനായർ പറഞ്ഞു.
ഒടുവിൽ ചാക്ക ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം രണ്ട ് പന്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് അടിച്ച് കളയുകയായിരുന്നു.അടുത്തടുത്തായി വീടുകൾ ഉള്ളതിനാൽ റോഡിലേക്ക് വെള്ളം അടിച്ച് കളയാനും ദുഷ്കരമായിരുന്നു.
ഒടുവിൽ സമീപത്തെ ഡ്രെയിനേജിലേക്ക് ഹോസിലൂടെ വെള്ളം ഒഴുക്കി വിടുകയായിരുന്നു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ഫയർഫോഴ്സ് സംഘം വെള്ളം നീക്കം ചെയ്തത്. വാട്ടർ അതോറിറ്റി പൈപ്പിലെ വാൾവ് അടച്ച ശേഷമാണ് ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്.
രാത്രിയിലാണ് പൈപ്പ് പൊട്ടിയിരുന്നതെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ചാക്ക ഫയർഫോഴ്സ് സ്റ്റേഷനിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.സി. ഷാജിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രാജേഷ്, അരുണ്‍ചന്ദ്, അനന്തു, സജികുമാർ, ഹാപ്പിമോൻ, അരുണ്‍ എം നായർ, മനോജ്, സുരേഷ്കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
റോഡിലൂടെ കടന്ന് പോയിരുന്ന വാട്ടർ അതോറിറ്റിയുടെ നാലിഞ്ച് പൈപ്പ് ജോയിൻ ചെയ്തിരുന്ന ഭാഗത്തുണ്ടായ പൊട്ടലാണ് വിജയൻനായരുടെ വീട്ടിലേക്ക് വെള്ളം കയറാൻ കാരണമായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വീട്ടിനകത്ത് വെള്ളം കയറിയ വാർത്തയറിഞ്ഞ് പ്രദേശവാസികളും ജനപ്രതിനിധികളും വിജയൻനായരുടെ വീട്ടിലെത്തിയിരുന്നു.