സ്വന്തം ലേഖകൻ
തൃശൂർ: നഗരത്തിൽ കുടിവെള്ള പൈപ്പുകൾ തുറന്നാൽ കാറ്റു മാത്രം. ഒരു തുള്ളിവെള്ളംപോലും വരാതായിട്ടു നാലു ദിവസമായി. വെള്ളമില്ലാതെ വീട്ടുകാരും ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഹോട്ടലുകളും സ്ഥാപനങ്ങളുമെല്ലാം പൊറുതിമുട്ടി.
പീച്ചിയിൽ പുതുതായി നിർമിച്ച ജലശുദ്ധീകരണ പ്ലാന്റുമായി പൈപ്പുലൈനുകൾ ബന്ധിപ്പിക്കുന്ന പണികൾ പൂർത്തിയാക്കാനാണ് മൂന്നു ദിവസം കുടിവെള്ള വിതരണം നിർത്തിവച്ചത്.
പണി പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നാണ് ജല അഥോറിറ്റി അധികൃതർ പറയുന്നത്.
നഗരത്തിലെ വിവിധ ഡിവിഷനുകളിൽ കൗണ്‍സിലർമാരുടെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യേണ്ടിവന്നു.
അറ്റകുറ്റപ്പണികൾക്കായി തിങ്കളാഴ്ച മുതൽ മൂന്നു ദിവസം കുടിവെള്ള വിതരണം നിർത്തിവയ്ക്കുമെന്ന് വാട്ടർ അഥോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
ഇതു മനസിലാക്കി സംഭരിച്ചുവച്ച കുടിവെള്ളം രണ്ടാം ദിവസംതന്നെ തീർന്നു. ഇന്നലെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്നായിരുന്നു അവർ അവകാശപ്പെട്ടതെങ്കിലും ഇന്നും വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ല.
തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രമല്ല, സമീപ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. കോവിഡ് രോഗികൾ ഉൾപ്പെടെ വീട്ടിൽനിന്ന് ഇറങ്ങാൻ പറ്റാത്തവർ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുകയാണെന്നു കോർപറേഷൻ കൗണ്‍സിലർ ജോണ്‍ ഡാനിയേൽ പറഞ്ഞു. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിലെ സ്ഥിതിയും ദുരിതപൂർണമാണ്.