സ്വന്തം ലേഖകൻ
തൃശൂർ: പൈപ്പു ലൈൻ സ്ഥാപിക്കാൻ കുഴിച്ച ചാലിൽ ചരക്കുലോറി കുടുങ്ങി. പൈപ്പുലൈൻ സ്ഥാപിച്ചു മണ്ണിട്ടു മൂടിയിട്ടുണ്ടെങ്കിലും മണ്ണ് ഉറയ്ക്കാത്ത അവസ്ഥയിലായിരുന്നു. റോഡിന്റെ ഈ ഭാഗം ടാറിടുകയും ചെയ്തില്ല. മഴവെള്ളം കെട്ടിനിന്നിരുന്ന ഈ പ്രദേശം ഉറപ്പുള്ള റോഡുതന്നെയാണെന്നു കരുതി മുന്നോട്ടു പോയ ലോറിയുടെ ചക്രങ്ങൾ താഴ്ന്നുപോകുകയായിരുന്നു.
നഗരത്തിന്റെ കിഴക്കൻ മേഖലയിലെല്ലാം കോർപറേഷൻ ഇത്തരം ചതിച്ചാലുകളാണ് ഒരുക്കിവച്ചിരിക്കുന്നത്. പൈപ്പു സ്ഥാപിക്കാൻ കുഴിച്ച ചാലുകളിൽ മണ്ണിട്ടു നിറച്ചിട്ടുണ്ടെങ്കിലും ടാറിടൽ പണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതൽ റോഡ് പൊളിച്ചിട്ടതാണ്. നഗരത്തിലെ തിരക്കേറിയ ഹൈറോഡ്, ബസിലിക്ക, അരിയങ്ങാടി തുടങ്ങിയ റോഡുകൾ അടക്കമുള്ളിടത്തെ കടകളെ മാസങ്ങളോളം പൊടിയിൽ മുക്കിക്കളഞ്ഞിരുന്നു.
പൈപ്പു സ്ഥാപിച്ച് നാലു മാസം കഴിഞ്ഞിട്ടും റോഡ് ടാറിടാൻ കോർപറേഷൻ തയാറായിട്ടില്ല. പ ഹൈറോഡ് ഉൾപ്പെടെ പല റോഡുകളുടേയും പകുതിയോളം ഭാഗങ്ങളും ഇപ്പോൾ ഉപയോഗ ശുന്യമായ അവസ്ഥയിലാണ്. ഹൈറോഡിൽ ഈ പ്രദേശം പാർക്കിംഗ് സ്ഥലമാക്കി മാറ്റി.
റോഡുകളുടെ പകുതിയോളവും ഗതാഗത യോഗ്യമല്ലാത്തതിനാൽ ഈ റോഡുകളിൽ ഗതാഗതക്കുരുക്കാണ്. ടാറിട്ട് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും വിവിധ സംഘടനകളും കോർപറേഷൻ ഓഫീസിലേക്കു മാർച്ചു നടത്തിയിരുന്നു. മഴ ശമിച്ചശേഷം ടാറിടുമെന്ന പ്രതീക്ഷയിലാണ് നഗരവാസികളും വ്യാപാരികളും.