ങ്കൊമ്പ്: തോട്ടിലെ മലിനജലം ഉപയോഗിച്ചു മടുത്ത നാട്ടുകാർ കൈകോർത്തപ്പോൾ ശുദ്ധജലം വീട്ടിലെത്തി. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 12, 14 വാർഡുകൾ ഉൾപ്പെടുന്ന കായൽപുറം തൊറുവശേരി പ്രദേശത്തെ പത്തോളം കുടുംബങ്ങളാണ് സർക്കാർ സംവിധാനങ്ങളുടെ സഹായമില്ലാതെ വന്നപ്പോൾ സ്വന്തമായി പണം മുടക്കി ശുദ്ധജലക്ഷാമത്തിനു പരിഹാരം തേടിയത്.
പ്രദേശത്തെ ജനം കുടിക്കാനൊഴികെയുള്ള ആവശ്യങ്ങൾക്കായി പുത്തൻതോട്ടിലെ വെള്ളമാണെടുത്തിരുന്നത്. എന്നാൽ തോട്ടിൽ പോളയും മാലിന്യങ്ങളും നിറഞ്ഞതോടെ ദുർഗന്ധംമൂലം വെള്ളം ഉപയോഗിക്കാൻ പറ്റാതായി. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള ആവശ്യങ്ങൾക്ക് പ്രദേശവാസികൾ സ്വകാര്യ വിൽപനക്കാരിൽനിന്ന് വെള്ളം വിലയ്ക്കു വാങ്ങുകയാണ്.
പ്രാഥമികാവശ്യങ്ങൾക്കും അമിതവിലയ്ക്കു വെള്ളം വാങ്ങണമെന്നായതോടെ കായൽപ്പുറം വട്ടക്കായലിൽനിന്നും പൈപ്പുലൈൻ വലിച്ച് വെള്ളമെത്തിക്കുകയായിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം പുളിങ്കുന്ന് സിഐ കെ.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പുഷ്പ ബിജു, ജലവിതരണപദ്ധതി സെക്രട്ടറി സോണിച്ചൻ ആന്റണി എന്നിവർ പ്രസംഗിച്ചു.