ആലത്തൂർ: കർഷക പ്രതിഷേധംമൂലം പലതവണ തടസപ്പെട്ട കൊച്ചി-സേലം വാതക പൈപ്പുലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. കാവശേരി പരയ്ക്കാട്ടുകാവ് വളവിനടുത്തുളള പാടത്താണ് ഇപ്പോൾ പണി നടക്കുന്നത്. കൊച്ചി കരൂർ പെട്രോനെറ്റ് പൈപ്പുലൈൻ നിലവിലുള്ള അതേസ്ഥലത്ത് തന്നെയാണ് രണ്ട് മീറ്റർ താഴ്ചയിൽ പൈപ്പിടുന്നത്.
കൊച്ചി-സേലം പൈപ്പുലൈൻ ലിമിറ്റഡ് എന്ന കന്പനിയാണ് ലൈൻ സ്ഥാപിക്കുന്നത്. കൊച്ചിമുതൽ കഞ്ചിക്കോടുവരെ സ്ഥാപിക്കാനാണ് കരാർ. 2016-ൽ ഏററെടുത്ത കരാർ മഴ തുടങ്ങുന്നതിനു മുന്പ് തീർക്കാനുളള തിരക്കിലാണ് കന്പനി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ വാതകം കൊച്ചി റിഫൈനറിയിൽനിന്നും സേലത്തേക്ക് കടത്താനുള്ള ലൈനാണിത്.
രണ്ടാവിള നെൽകൃഷി ഇറക്കിയ പാടത്തെ വിളനശിപ്പിച്ച് പണി നടത്തുന്നതിലും നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പോ മുൻകൂട്ടിയുള്ള നോട്ടീസോ ഇല്ലാതെ നടത്തുന്നതിനെതിരെയാണ് തെന്നിലാപുരത്തും കുഴൽമന്ദത്തും കർഷകർ പ്രതിഷേധിച്ചത്.ഭാരത് പെട്രോളിയം കോർപറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ. പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന പൈപ്പുലൈനുണ്ട്.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെയും ഭാരത് പെട്രോളിയം കോർപറേഷന്റെയും സംയുക്ത സംരംഭമാണ് കൊച്ചി സേലം പൈപ്പ് ലൈൻ പ്രൈവറ്റ് ലിമിറ്റഡ്.ഉപയോഗ അവകാശ നിയമപ്രകാരം ഏറ്റെടുത്ത സ്ഥലത്ത് വീണ്ടും പൈപ്പുലൈൻ സ്ഥാപിക്കാൻ വീണ്ടും നഷ്ടപരിഹാരം നല്കേണ്ടതില്ല.
മാനുഷിക പരിഗണനമൂലം നെൽകൃഷിക്ക് സെന്റിന് 3761 രൂപ നല്കും. ഏറ്റവും കുറഞ്ഞത് 15,000 രൂപയും ന്യായവിലയുടെ അടിസ്ഥാനത്തിൽ ഒന്പത് മീറ്ററിന് ആനുപാതികമായി 20 ശതമാനം തുകയും നല്കും. മറ്റു വിളകളകൾക്കും മാനദണ്ഡപ്രകാരം നല്കും.കർഷകർ ഭൂമിയുടെ രേഖ ഹാജരാക്കുന്ന മുറയ്ക്ക് ന്യായവിലയുടെ 20 ശതമാനവും നഷ്ടപരിഹാരം നല്കുന്നുണ്ട്.