പള്ളുരുത്തി: തോപ്പുംപടിയിൽ കൂറ്റൻ പൈപ്പു പൊട്ടി റോഡു തകർന്ന സംഭവത്തിൽ ആകെ നഷ്ടം 19 ലക്ഷമെന്ന് വിലയിരുത്തൽ. വസ്ത്രവ്യാപാര ശാലയിലേക്ക് ഹൈടെൻഷൻ കേബിൾ സ്ഥാപിക്കുന്നതിനിടയിൽന്നതിനിടയിലാണ് പൈപ്പു പൊട്ടിയത്. പൊതുമരാമത്തുവകുപ്പിന് ഏഴുലക്ഷം രൂപ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.
കേബിൾ സ്ഥാപിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി 30 ലക്ഷത്തോളം ലിറ്റർ വെള്ളവും നഷ്ടമായിരുന്നു. വാട്ടർ അഥോറിറ്റി 12 ലക്ഷം രൂപ ഇതിന് നഷ്ടം കണക്കാക്കിയിട്ടുണ്ട്. തോപ്പുംപടി ജംഗ്ഷനിൽ 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും റോഡ് തകരുകയും മണിക്കൂറുകളോളം കുടിവെള്ളം പാഴായി പോവുകയും ചെയ്തിരുന്നു.
കഴിഞ്ഞ 28ന് പുലർച്ചെയായിരുന്നു സംഭവം.തോപ്പുംപടി ജംഗ്ഷനിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് കേബിൾ സ്ഥാപിക്കുന്നതിന് റോഡിന് അടിയിലൂടെ ഡ്രില്ല് ചെയ്തപ്പോഴാണ് കുടിവെള്ള പൈപ്പ് തകർന്നത്. അതേ സമയം പൊതുമരാമത്ത് വകുപ്പിന്റെ കണക്കിനെ സംബന്ധിച്ച് വ്യാപക ആക്ഷേപമുയർന്നിട്ടുണ്ട്. റോഡിന് അടിയിൽ ഡ്രില്ല് ചെയ്തതിലൂടെ നൂറു മീറ്ററിലധികം റോഡ് തകർന്നിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും നഷ്ടം സംബന്ധിച്ച കണക്കുകൾ പോലീസിന് കൈമാറിയിട്ടുണ്ട്. വകുപ്പുകളുടെ അനുമതി തേടാതെയായിരുന്നു റോഡ് പൊളിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് വസ്ത്രവ്യാപാരിയെയും കരാറുകാരനേയും പ്രതിയാക്കിയാണ് തോപ്പുംപടി പോലീസ് കേസെടുത്തിട്ടുള്ളത്.