മാറനല്ലൂര്‍: കഴിഞ്ഞ ആറു മാസത്തിനിടയില്‍ കീളിയോടിനും വഴുതൂരിനുമിടയില് എത്രയിടത്ത് പൈപ്പ് പൊട്ടി എന്ന് ചോദിച്ചാല്‍ വാട്ടര്‍ അഥോറിറ്റി അധികൃതര്‍ കൈ മലര്‍ത്തും. കാളിപ്പാറ കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള പമ്പിംഗ് പൂര്‍ണ തോതില്‍ ആരംഭിച്ചതോടെയാണ്ഇവിടുത്തെ ജലവിതരണ പൈപ്പുകള്‍ പൊട്ടി ഒഴുകാന്‍ തുടങ്ങിയത്.
വെള്ളം എത്തിക്കുന്നതിന് സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ക്ക് 40 വര്‍ഷത്തിലേറെ പഴക്കമുണ്ട്. പമ്പിംഗിനിടയില് കിളിയോടിനും വഴുതുരിനുമിടയില് 10 സ്ഥലത്തെങ്കിലും ദിവസേന പൈപ്പ് പൊട്ടാറുണ്ട്. എന്നാല്‍ ചെറിയ ലീക്കുകള്‍ കാര്യമാക്കാതെ വലിയ പൊട്ടലുകള്‍ മാത്രം ശരിയാക്കി കരാറുകാര്‍ മടങ്ങുന്നതാണ് പതിവ്.
ദിനം പ്രതി പത്തിലധികം തവണ പൈപ്പുകള്‍ പൊട്ടാന്‍ തുടങ്ങിയതോടെ കരാറുകാര്‍ക്കും ഇപ്പോള്‍ ചാകരയാണ്. ഓരോ ദിവസവും ചോര്‍ച്ചകള്‍ അടച്ച് കഴിഞ്ഞാല്‍ അടുത്ത പമ്പിംഗില്‍ കൃത്യമായും പൈപ്പ് പൊട്ടുമെന്ന കണക്കു കൂട്ടലിലാണ് കരാറുകരുടെ മടക്കം. പൊട്ടലുകള്‍ സ്ഥിരം കാഴ്ചയായതോടെ നെയ്യാറ്റിനകര കാട്ടാക്കടറോഡും താറുമാറായിരിക്കുകയാണ്. വെള്ളം കെട്ടി നിന്ന് റോഡിന്റെ അടിത്തറ കൂടി ഇളകിയതോടെ യാത്രയും ദുരിതത്തിലായി മാറിയിരിക്കുകയാണ്.