കോട്ടയം: പൈപ്പ് ലൈന്‍ പൊട്ടി വെള്ളം ഒഴുകുന്നതു വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. കോട്ടയം ഗാന്ധിസ്ക്വയറിനു സമീപമാണു വാട്ടര്‍ അതോറിട്ടിയുടെ പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വ് പൊട്ടി വെള്ളം ചീറ്റുന്നത്.
ആദ്യം വാല്‍വ് പൊട്ടി ചെറിയ രീതിയിലാണു വെള്ളം പോയിരുന്നതെങ്കില്‍ ഇന്നലെ മുതല്‍ വാല്‍വിന്റെ കൂടുതല്‍ സ്ഥലങ്ങളില്‍ പൊട്ടലുണ്ടായി റോഡ് മുഴുവന്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
വാട്ടര്‍ അതോറിട്ടിയുടെ നാഗമ്പടം, ചുങ്കം, താഴത്തങ്ങാടി പ്രദേശത്തേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിന്റെ വാല്‍വാണു പൊട്ടിയിരിക്കുന്നത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്ന വാല്‍വാണിത്.
കാലപ്പഴക്കം ചെന്നാണു വാല്‍വിനു തകരാര്‍ സംഭിച്ചത്. എല്ലാ ദിവസവും ഓപ്പറേറ്റ് ചെയ്യുന്നതു മൂലമുണ്ടായ തേയ്മാനവും വാല്‍വിനു തകരാര്‍ സംഭവിക്കുവാന്‍ കാരണമായിട്ടുണ്ടെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞു.
വെള്ളം റോഡിനു നടുവിലാണു ചീറ്റുന്നത്. കാല്‍നടയാത്രക്കാര്‍ ഉള്‍പ്പടെ കടന്നുപോകുമ്പോള്‍ ദേഹത്ത് വെള്ളം തെറിക്കുകയാണ്. സീബ്രാ ലൈന്‍ പൈപ്പ് പൊട്ടിയതിനോടു ചേര്‍ന്നാണ്.
നഗരഹൃദയമായതിനാല്‍ എപ്പോഴും ഇവിടെ ആളുകള്‍ റോഡ് മുറിച്ചു കടക്കാനുണ്ടാകും. ഇവരുടെ ദേഹത്തേക്കാണു വെള്ളം തെറിക്കുന്നത്.
വെള്ളം തെറിക്കാതിരിക്കാന്‍ വേഗത്തില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ യാത്രക്കാര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. റോഡിലെ വെള്ളം വാഹനങ്ങളുടെ അകത്തേക്കും തെറിക്കുന്നുണ്ട്.
ഇത് ഒഴിവാക്കാനായി വാഹനങ്ങള്‍ വെട്ടിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. വാല്‍വ് മാറ്റുന്നതിനായി റോഡ് പെളിക്കുന്നതിനായി വാട്ടര്‍ അതോറിട്ടി പൊതുമരാമത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു.
പൊതുമരാമത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും റോഡ് പൊളിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിട്ടി അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ വകുപ്പ് അധികൃതരെ സമീപിച്ചിട്ടുണ്ട്.