അടൂർ: ഒമ്പത് കോടി രൂപ ചെലവിട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിൽ അടുത്തയിടെ ടാറിംഗ് നടത്തിയ റോഡ് പൈപ്പ് പൊട്ടി തകർന്നു. പിഡബ്ല്യുഡി ഓഫീസിനു കിഴക്ക് മാടാംകുളഞ്ഞിപ്പടി ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് 1.45ന് പൈപ്പ് പൊട്ടി വെള്ളം ഫൗണ്ടൻ പോലെ ഉയർന്ന് പൊങ്ങി ഒഴുകിയത്.
ഇതോടെ ടാറിംഗ് ഭാഗം പാളിയായി ഉയർന്നു പൊങ്ങുകയും വെള്ളത്തിന്റെ മർദ്ദം താങ്ങാനാകാതെ ശക്തിയായി മുകളിലേക്ക് കുത്തിയൊഴുകുകയുമായിരുന്നു. മാടാംകുളഞ്ഞിപ്പടി ഭാഗത്തു നിന്ന് പുറം ചുറ്റിപ്പടി ബ്രാഞ്ച് ലൈൻ പ്രധാന ജലവിതരണ പൈപ്പിനോടു വെൽഡിംഗ് നടത്തി യോജിപ്പിച്ച ഭാഗത്ത് വെൽഡിംഗ് ഇളകിപ്പോയതാണ് വെള്ളം ശക്തിയായി പുറത്തേക്കൊഴുകാൻ കാരണമെന്ന് ജല അഥോറിറ്റി അധികൃതർ പറഞ്ഞു.
വെള്ളം റോഡിലൂടെ കുത്തിയൊഴുകിയതോടെ റോഡിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. കെപി റോഡിൽ പൈപ്പ് പൊട്ടി റോഡ് തകരുന്നത് നിത്യസംഭവമായി മാറിയിരുന്നു. തുടർന്ന് റോഡ് നവീകരണത്തിന് മുന്പ് പഴക്കം ചെന്ന എസി പൈപ്പ് ലൈൻ മാറ്റി മർദ്ദം താങ്ങുന്ന തരത്തിലുള്ള ജിഐ പൈപ്പുകൾസ്ഥാപിച്ച ശേഷമാണ് റോഡ് ടാറിംഗ് നടന്നത്.
നവംബർ ആദ്യം പഴയതിനു പകരം പുതിയ പൈപ്പ് സ്ഥാപിക്കുന്ന നടപടി ആരംഭിച്ചെങ്കിലും പണി ഇഴഞ്ഞു നീങ്ങിയതിനെതിരെ ജല അഥോറിറ്റി ജീവനക്കാർക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഒടുവിൽ ഇട്ടും ഇഴഞ്ഞും പണി പൂർത്തി യാക്കിയതോടെയാണ് ടാറിംഗ് ആരംഭിച്ചത്.
ടാറിംഗ് പൂർത്തീകരിച്ചതോടെ റോഡിൽ തലങ്ങും വീലങ്ങും പൈപ്പ് പൊട്ടി റോഡ് തകരാൻ തുടങ്ങി. മരിയാ ആശുപത്രിയുടെ മുൻവശം, കിഴക്കുവശം, കോട്ടമുകൾ ജംഗ്ഷൻ, എംസൺ ഓഡിറ്റോറിയത്തിന്റെ മുൻവശം തുടങ്ങി പല ഭാഗത്തും പൈപ്പ് പൊട്ടിയതോടെ ദേശീയ നിലവാരത്തിൽ നിർമിച്ച റോഡ് തകർന്നു.