ആലപ്പുഴ: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജല വിതരണം മുടങ്ങിയിട്ട് ആഴ്ച ഒന്ന് പിന്നിട്ടു. തകഴി സ്കൂളിനു സമീപം പൈപ്പിലുണ്ടായ രണ്ടു ചോർച്ചകളാണ് കുടിവെള്ളം മുട്ടിച്ചത്. വൈകിയാരംഭിച്ച അറ്റകുറ്റപ്പണികൾ ഹർത്താലായിരുന്നതിനാൽ ഇന്നലെ നടന്നില്ല. ഇന്നുരാവിലെ പണികൾ പുനരാരംഭിച്ച് രാത്രിക്കു മുന്നേ തീർത്ത് നാളെ രാവിലെ മുതലെങ്കിലും കുടിവെള്ളവിതരണം പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് രണ്ടു ടാങ്കറുകളിൽ ശുദ്ധജല വിതരണം നടത്തും. അറിയിക്കുന്ന മുറയ്ക്ക് മുൻഗണനാ ക്രമത്തിൽ വെള്ളം ടാങ്കറിൽ ലഭ്യമാക്കുമെന്ന് ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു. പിഡബ്ല്യുഡി-വാട്ടർ അഥോറിറ്റി വകുപ്പുകൾ തമ്മിലുള്ള പ്രശ്നമാണ് അറ്റകുറ്റപ്പണിയിൽ കാലതാമസം വരുത്തിച്ചതെന്നാണ് ആക്ഷേപം. ജലജന്യ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുന്പോൾ ശുദ്ധജലവിതരണം തടസപ്പെടുകയും ചെയ്യുന്നുവെന്നതാണ് അവസ്ഥയെന്നാണ് പരാതി.