ആലുവ: ഭൂഗർഭ വൈദ്യുതി വിതരണ ശൃംഖല സ്ഥാപിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പുകൾ തകരാറിലാകുന്നത് നഗരവാസികൾക്ക് ദുരിതമാകുന്നു. കഴിഞ്ഞ നാല് ദിവസമായി കുന്നുംപുറ മേഖലയടക്കം കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്.ഇന്നലെ ബ്രിഡ്ജ് റോഡിലാണ് പുതിയതായി കുടിവെള്ള പൈപ്പ് പൊട്ടിയത്.പൈപ്പ് പൊട്ടി യത് മുന്നറിയിപ്പില്ലാതിരുന്നതി നാൽ മറ്റൊരു കുഴിയിൽ കാർ വീണു.
സ്കാനർ യന്ത്രമുള്ളതിനാൽ കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ ലൈനുകൾ എന്നിവ കണ്ടെത്താനാകുമെന്നും അതിനാൽ സുഗമമായി വൈദ്യുതി ലൈൻ സ്ഥാപിക്കാനാകുമെന്നുമാണ് കെഎസ്ഇബി അധികൃതർ അവകാശപ്പെട്ടിരുന്നത്.
എന്നാൽ നഗരത്തിൽ പലയിടത്തും ഭൂഗർഭ വൈദ്യുതി ലൈൻ സ്ഥാപിക്കാനായി കുഴിക്കുന്നിടത്ത് കുടിവെള്ള പൈപ്പുകൾ പൊട്ടുകയാണെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ബോയ്സ് ഹൈസ്കൂൾ മേഖലയിൽ വാർഡ് കൗൺസിലർ സെബി വി. ബാസ്റ്റ്യന്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം ബാങ്ക് കവല മാര്‍ക്കറ്റ് റോഡില്‍ സിറ്റി ടവേഴ്സിന് മുന്‍പിലും ഗ്രാന്‍ഡ് കവലയിലും പൈപ്പ് പൊട്ടിയിരുന്നു.
ആലുവയിലെ 8, 9, 10, 23, 20 വാര്‍ഡുകളിലാണ് കുടിവെള്ള വിതരണം പല തവണയായി മുടങ്ങുന്നത്. വടക്കേ അങ്ങാടി, ഹൈറോഡ്, ഹില്‍റോഡ്, പൂര്‍ണ നഗര്‍, ശാന്തി നഗര്‍, കുന്നുംപുറും എന്നിവിടങ്ങളില്‍ മൂന്ന് ദിവസമാണ് കുടിവെള്ള വിതരണം മുടങ്ങിയത്.