അന്തിക്കാട്: പഞ്ചായത്തിൽ തീരദേശ മേഖലയിൽ അയ്യപ്പൻകാവ് ക്ഷേത്രപരിസരം മുതൽ കണ്ടശാങ്കടവ് വരെ പലയിടത്തും ശുദ്ധജല പൈപ്പു പൊട്ടി കുടിവെള്ളം പാഴായി കൊണ്ടിരിക്കുന്നത് വാട്ടർ അഥോറിറ്റി എഇയുടെയും മറ്റു ബന്ധപ്പെട്ടവരുടെയും ശ്രദ്ധയിൽപ്പെടുത്തി പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു.
ഒഴുകി പോകുന്ന ശുദ്ധ ജലം പ്രതീകാത്മകമായി ബക്കറ്റിൽ ശേഖരിച്ചാണു കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം സംഘടിപ്പച്ചത്. ഫോണ് കേബിൾ വലിക്കുന്നതിനു കുഴി എടുത്തതിന്റെ ഭാഗമായി പല ഭാഗത്തും ശുദ്ധജലം പൈപ്പുകൾ പൊട്ടി ഒഴുകി പോകുന്നുണ്ട്.
ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങൾക്ക് കുടിക്കാവുന്ന ശുദ്ധജലമാണ് ഒഴുകി പോയി പാടങ്ങളിലും തോടുകളിലും കെട്ടി നിൽക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ് അരിന്പൂർ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരം വാർഡ് മെന്പർ ശാന്ത സോളമൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കെ.കെ. യോഗനാഥൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ ഷൈൻ പള്ളിപ്പറന്പിൽ, എം.സ്. ശോഭനദേവൻ, കെ.സ്. ബാലൻ, അശ്വിൻ ആലപ്പുഴ, എം.പി. വത്സല, പ്രജിത, നിജില പുലന്പുഴ, സുധി പള്ളിയിൽ, മോഹനൻ കാട്ടുതീണ്ട ിയിൽ എന്നിവർ പ്രസംഗിച്ചു. അക്ബർ പട്ടാട്ട് നന്ദി പറഞ്ഞു.