അതിരന്പുഴ: ശ്രീകണ്ഠമംഗലം നടയ്ക്കൽ പാലത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും അധികൃതർ മൗനത്തിൽ. വേനൽ കടുക്കും മുൻപ് അതിരന്പുഴയിൽ പലയിടത്തും ഇപ്പോൾ തന്നെ കിണറുകൾ വറ്റാറായ അവസ്ഥയിലാണ്. പലയിടത്തും കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമായി. ഈ അവസ്ഥയിലാണ് ലിറ്റർ കണക്കിന് വെള്ളം പാഴായി പോകുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി വെള്ളം ഇവിടെ ഇത്തരത്തിൽ പാഴായി പോവുകയാണ്.
നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരോട് ഇതേക്കുറിച്ച് സൂചിപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. വെള്ളം ശക്തമായി ദൂരേക്ക് തെറിച്ച് വിഴുന്നതോടെ പാലത്തിലൂടെ സഞ്ചരിക്കാൻ പോലും സാധിക്കാതെ വന്നതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് ചാക്കും കയറും ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുകയാണ്.
എന്നാലും വെള്ളം ശക്തമായി ചീറ്റുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ചാക്ക് കീറി പോവുകയാണ് പതിവ്. ആദ്യം വാൽവിന് ചെറിയ ഒരു തകരാർ മാത്രമാണ് ഉണ്ടായിരുന്നത്.അതിരന്പുഴ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ജപ്പാൻകുടിവെള്ള പദ്ധതി.
വർഷങ്ങൾ കൊണ്ടാണ് പദ്ധതി പഞ്ചായത്തിൽ യാഥാർഥ്യമായത്. വേനൽ ശക്തമാകും മുൻപ് തന്നെ പഞ്ചായത്തിൽ പകുതിയാളുകളും വെള്ളം വില കൊടുത്ത് വാങ്ങുന്ന അവസ്ഥയിലാണ്. ഇങ്ങനെ ഒരു അവസ്ഥയിൽ ലിറ്റർ കണക്കിന് വെള്ളം പാഴായി പോകുന്നത് കണ്ടിലെ്ലന്ന് നടിക്കാൻ അധികൃതർക്ക് എങ്ങനെ കഴിയുന്നു?