കൊല്ലം : ശുദ്ധജലപൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ട് മൂന്നാഴ്ചയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. തേവലക്കര പഞ്ചായത്തിലെ 13 ാം വാർഡിൽ കോയിവിള പാവുമ്പ ക്ഷേത്രത്തിനുമുന്നിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. മുമ്പ് ഇവിടെ ഉണ്ടായിരുന്ന പൈപ്പ് തകർന്നിട്ട് മാസങ്ങളായി. ആ പൈപ്പ് പുനസ്ഥാപിക്കാനോ പൈപ്പ് കണക്ഷൻ വിഛേദിക്കാനോ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇപ്പോൾ പൈപ്പിന്റെ ഒരു കുറ്റി മാത്രമാണ് അവശേഷിക്കുന്നത്.
അവിടെ കുഴിയായി മാറി. കുഴിയിൽനിന്നാണ് തുടർച്ചയായി റോഡിലൂടെ വെള്ളം ഒഴുകുന്നത്. 500 മീറ്ററോളം ദൂരത്ത് ഇതുമൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. നൂറുകണക്കിന് ലിറ്റർ വെള്ളമാണ് പ്രതിദിനം പാഴാകുന്നത്. വാട്ടർ അഥോറിറ്റി അധികൃതരെയും കരാറുകാരനെയും വിവരം അറിയിച്ചെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല.
കുഴിയിൽനിന്ന് പൈപ്പ് പൊട്ടിയതിനാൽ ചെളിവെള്ളം കലർന്ന വെള്ളമാണ് ഒഴുകുന്നത്. ചെളിവെള്ളം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. പാവുമ്പ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്. കാലുതെറ്റിയാൽ ബസിൽനിന്നിറങ്ങുന്നവർ കുഴിയിൽ വീഴാനും സാധ്യതയേറെയാണ്.
മാസങ്ങൾക്കുമുമ്പ് പുനർനിർമിച്ച റോഡിന്റെ ഒരു വശത്തായി വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതിനാൽ റോഡ് തകരുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. വെള്ളക്കെട്ടുമൂലം പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.