മാവേലിക്കര: ഓണക്കാലത്തു നഗരവാസികളുടെ വെള്ളം കുടി മുട്ടിച്ചു വാട്ടർ അഥോറിറ്റി. ട്രീറ്റ്മെന്റ് പ്ലാന്റ് വളപ്പിൽ പൈപ്പ് പൊട്ടിയതിനെ തുടർന്നാണു തിരുവോണം മുതൽ മൂന്നു ദിവസമായി നഗരത്തിൽ ശുദ്ധജല വിതരണം മുടങ്ങിയത്. പൊട്ടിയ പൈപ്പ് ഇന്ന് ശരിയാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ കഴിഞ്ഞ ഒന്നര മാസത്തോളമായി ജല അഥോറിറ്റി വളപ്പിലെ പൈപ്പ് പൊട്ടി വെള്ളം പുതിയകാവ് റോഡിലെ ഓടയിലേക്ക് ഒഴുകുകയാണ്.
പൈപ്പ് പൊട്ടിയതു ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പരാതി പറഞ്ഞപ്പോൾ അതൊക്കെ ഓണം കഴിഞ്ഞ് ശരിയാക്കിത്തരാം എന്നാണ് മറുപടി നൽകിയത്. എപ്പോൾ ശരിയാകുമെന്ന ചോദ്യത്തിനു കൃത്യമായ മറുപടി പോലും അധികൃതർക്കില്ല.
അറ്റകുറ്റപ്പണികൾ മൂലം ജലവിതരണം രണ്ടു ദിവസം തടസപ്പെടുമെന്ന സന്ദേശം തിരുവോണ ദിവസം ഉച്ചമുതൽ ചില വാട്ട്ആപ് ഗ്രൂപ്പുകളിൽ പ്രത്യക്ഷപ്പെട്ടല്ലാതെ ഒൗദ്യോഗിക അറിയിപ്പ് പോലും അധികൃതർ നൽകിയിട്ടില്ല.