വിഴിഞ്ഞം : ജലവിതരണ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും വാട്ടർ ആഥോറിറ്റി അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി.
ആഴാകുളത്തിനടുത്ത് റോഡിൽ പൊട്ടിയ പൈപ്പിലൂടെ വെള്ളം പാഴായിട്ടും കാഞ്ഞിരംകുളം ജലഅഥോറിറ്റി അധികൃതർ കണ്ടഭാവം കാണിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
വെള്ളം ഒഴുകി നടുറോഡിൽ കുഴി രൂപപ്പെട്ടതോടെവാഹനങ്ങൾ അപകടത്തിൽപെടുന്നതൊഴിവാക്കാൻ നാട്ടുകാർ കുഴിയിൽ വാഴനട്ടിരിക്കുകയാണ്.
ആഴാകുളത്തെ വിൽസ് ഹോസ്പിറ്റലിന് മുൻവശത്താണ് വാഹനയാത്രക്കാരെയും പ്രദേശവാസികളെയും ഭീതിയിലാക്കി റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്.
രണ്ട് മാസം മാസം മുമ്പ് ഈ ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയിരുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കരാറുകാരെത്തി തത്കാലികമായി അടച്ചിരുന്നു.
കെഎസ്ആർടിസി ബസുകളടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലാണ് കുഴി. മാത്രമല്ല വിഴിഞ്ഞം തുറമുഖത്തിനാവശ്യമായ കല്ലുമായി എത്തുന്ന കൂറ്റൻ ടിപ്പറികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്.
ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും അറ്റകുറ്റപ്പണി നടത്തേണ്ട കരാറുകാർ തമ്മിലുള്ള ചക്കളത്തിപോരുമാണ് നടുറോഡിൽ അപകടഭീഷണി ഉയർത്തി കുഴിരൂപപ്പെടാനും കുടിവെള്ളം പൊട്ടി ഓഴുകാനും കാരണമെന്ന ആക്ഷേപവും ശക്തമാണ്.