അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. കടപ്രയില്നിന്നു കരുമാടി പ്ലാന്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് ഇന്നലെ രാത്രിയോടെ തകഴി റെയില്‍വെ ക്രോസിനു സമീപമാണ് പൊട്ടിയത്. കേളമംഗലത്തും കന്നാ മുക്കിലും ഉണ്ടായ പൈപ്പിന്റെ ചോര്‍ച്ച അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചിട്ട് ഏതാനും ദിവസം മാത്രം പിന്നിടുമ്പോഴാണ് വീണ്ടും പൈപ്പിനു ചോര്‍ച്ചയുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്ക് ദിവസങ്ങള്‍ എടുക്കുന്നത് ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടോളം പഞ്ചായത്തുകളിലും കടുത്ത കുടിവെള്ള പ്രശ്നമാണ് സൃഷ്ടിക്കുന്നത്. അമ്പലപ്പുഴ-തിരുവല്ല പാതയ്ക്കടിയിലൂടെ പോകുന്ന പൈപ്പിന്റെ ചോര്‍ച്ച പരിഹരിക്കാന്‍ റോഡ് കുഴിക്കേണ്ടിവരുന്നത് ഗതാഗതക്കുരുക്കിനു കാരണമാകും. കോടികള്‍ മുടക്കി നവീകരിച്ച റോഡിന്റെ ബലക്ഷയത്തിനും പൈപ്പുചോര്ച്ച കാരണമാകും.
നിരന്തരമായുണ്ടാകുന്ന പൈപ്പ് പൊട്ടല്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.നിലവാരം കുറഞ്ഞ പൈപ്പുകള്‍ സ്ഥാപിച്ചതാണ് നിരന്തരം പൊട്ടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് കുഴിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് പണം നല്‍കേണ്ടിവരുന്നത് ജല അഥോറിറ്റിക്കും സാമ്പത്തിക ബാധ്യത വരുത്തുന്നു. റോഡില്‍ നിന്നു പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.