പള്ളുരുത്തി: തോപ്പുംപടിയില്‍ സ്വകാര്യ വസ്ത്രസ്ഥാപനത്തിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടിയ സംഭവത്തില്‍ കുറ്റക്കാരായവരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ ഇന്നലെ തോപ്പുംപടിയിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിന് നേതൃത്വം നൽകിയവർക്കെതിരേ പൊതുമുതൽ നശീകരണത്തിന് കേസെടുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
കുടിവെള്ള പൈപ്പ് പൊട്ടിയതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി പടിഞ്ഞാറന്‍ മേഖലയിലെ പതിനായിക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്നില്ല, കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോഴും ഇതിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് ജനപ്രതിനിധികളുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് ഹൈടെൻഷൻ കേബിൾ വലിക്കുന്നതിന് രാത്രിയുടെ മറവിൽ റോഡ് ഡ്രിൽ ചെയ്തത്. യാതൊരു അനുമതിയും ഇല്ലാതെ റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ളം മുടക്കിയവർക്കെതിരേ പോലീസ് നടപടിയെടുക്കാത്തത് എംഎൽഎയുടെ ഇടപെടൽ കൊണ്ടാണെന്നാണ് നാട്ടുകാർ പറയുന്നത്.
കരുവേലിപ്പടി ടാങ്കിലേക്കുളള എഴുന്നൂറ് എംഎം പ്രിമോ പൈപ്പിന് ആണ് പൊട്ടിയത്. പൊതു മരാമത്ത് വകുപ്പിന്റെയും കേരള വാട്ടർ അഥോറിറ്റിയുടെയും അനുവാദമില്ലാതെയായിരുന്നു റോഡ് കുഴിച്ചതും. ഇരുപത് ലക്ഷം ലിറ്ററിലേറെ വെള്ളം നഷ്ടപ്പെട്ടതായാണ് വാട്ടര്‍ അഥോറിറ്റിയുടെ കണക്ക്. ആറ് മണിക്കൂറോളം പൈപ്പ് പൊട്ടി കുടിവെള്ളം ഒഴുകി പോയി.
പടിഞ്ഞാറന്‍ കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രമായ തോപ്പുംപടിയിലെ റോഡ് തകര്‍ന്നത് മൂലം ഇത് വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അഥോറിറ്റിയുടേയും അനുമതിയില്ലാതെയാണ് റോഡ് കുഴിച്ചത്.ഇത് സംബന്ധിച്ച് ഇരു വകുപ്പുകളും പൊലീസിന് പരാതി നല്‍കിയെങ്കിലും ഇത് വരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ കേസെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസ് പറയുന്നത് , മാത്രമല്ല വസ്ത്രശാല ഉടമയെ സംരക്ഷിച്ച് കരാറുകാരനെതിരെ കേസെടുക്കാന്‍ നീക്കം നടക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്പ്രൊഫ.കെ.വി.തോമസ് എം.പി.ജില്ലാ കളക്ടർക്ക് കത്ത് നൽകി.