തിരുവില്വാമല: ടൗണിൽ എസ്എം കല്യാണമണ്ഡപത്തിനു സമീപം റോഡ് പണിക്കിടെ പൈപ്പ് പൊട്ടി റോഡ് തകർന്ന ഭാഗത്ത് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടി. ഒരു മണിക്കൂറോളം റോഡിലൂടെ വെള്ളം ഒഴുകി പോയി. വെള്ളം റോഡിൽ നിറഞ്ഞൊഴുകിയത് സമീപത്തെ കല്യാണമണ്ഡപത്തിലും വീട്ടിലും ചെളി നിറയാൻ കാരണമായി.
രണ്ടാഴ്ചയിലേറെയായി അപകടാവസ്ഥ കിടക്കുന്ന ഈ ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നുമില്ലാത്തതിനാൽ രാത്രി അപകടസാധ്യത കൂടുതലാണ്. ടാറിംഗ് കഴിഞ്ഞ് ദുർബലമായി കിടക്കുന്ന ഈ ഭാഗം നന്നാക്കാൻ യാതൊരു നടപടികളും എടുക്കുന്നില്ല.
ആഴ്ചകൾക്കു മുന്‍പാണ് ടൗണ്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കാനയുടെയും റോഡിന്റെയും പണികൾ നടക്കുന്നതിനിടെ ജല അഥോറിറ്റി ഇവിടെ വലിയ കുഴിയെടുത്ത് പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചത്. പിന്നീട് മണ്ണിട്ട് നികത്തി ഈ ഭാഗത്ത് ടാറിംഗ് നടത്തുകയായിരുന്നു. ടാറിംഗ് കഴിഞ്ഞശേഷം പൈപ്പ് പൊട്ടി വെള്ളമൊഴുകി ദുർബലമായിടത്ത് റോഡ് പണിക്കെത്തിയ ലോറി തന്നെ റോഡിൽ താഴ്ന്നു പോയിരുന്നു.
പിന്നീട് ജല അഥോറിറ്റി പൈപ്പ് നന്നാക്കിയെങ്കിലും പിഡബ്ല്യുഡി ഇവിടം നന്നാക്കാൻ നടപടികളെടുത്തില്ല. അതിനിടെയാണ് പൈപ്പ് വീണ്ടും പൊട്ടിയത്. ജല അഥോറിറ്റിയും പിഡബ്യുഡി അധികൃതരും തമ്മിലുള്ള ശീതസമരം മൂലം ടാറിംഗ് കഴിഞ്ഞ റോഡ് തകരാൻ കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. റോഡിനു നടുവിൽ ടാർ വീപ്പകൾ നിരത്തി അപകടസാധ്യത കൂടുതലായിട്ടും ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.