പേരൂര്‍ക്കട: അമ്പലമുക്കില്‍ കുരിശ്ശടിക്കടുത്ത് വാട്ടര്‍അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലവിതരണം താറുമാറായി. ഇന്ന് പുലര്‍ച്ചെ 5.30നാണ് പൈപ്പ് പൊട്ടിയത്.പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്ക് വഴി കവടിയാറിലേക്കും വെള്ളയമ്പലത്തേക്കും മുട്ടട, പരുത്തിപ്പാറ ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന 700 എം.എം പ്രിമോ പൈപ്പാണ് ഇവിടെ പൊട്ടിയത്. ഉയര്‍ന്ന മര്‍ദ്ദവും കാലപ്പഴക്കവുമാണ് പൈപ്പ് പൊട്ടാന്‍ കാരണമായത്. പൈപ്പ് പൊട്ടിയതോടെ റോഡ് നിറഞ്ഞ് ജലമൊഴുകി.
അമ്പലമുക്ക് ജംഗ്ഷൻ, അമ്പലമുക്ക്-വയലിക്കട റോഡ് എന്നിവിടങ്ങളിലും ജലം നിറഞ്ഞു. പൈപ്പ് പൊട്ടിയ വിവരം അറിയാതെ ഇതുവഴി വരികയായിരുന്ന ടോറസ് ലോറി കുരിശ്ശടിക്കു സമീപം റോഡില്‍ താഴ്ന്നു. ലോറി കുഴിയില്‍ വീണതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും താറുമാറായി. പോലീസ് സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പുതന്നെ ലോറിയിലുണ്ടായിരുന്ന 3 ജീവനക്കാരും ചേര്‍ന്ന് ലോറിയെ കുഴിയില്‍ നിന്നു തള്ളിമാറ്റുകയും ഡ്രൈവര്‍ വാഹനം പിറകിലേക്ക് എടുക്കുകയുമായിരുന്നു.
റോഡിന്റെ ഒത്തനടുക്കാണ് പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. 2 മീറ്റര്‍ ആഴത്തിലാണ് പ്രിമോ പൈപ്പ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഏറെ തിരക്കേറിയ റോഡില്‍ അറ്റകുറ്റപ്പണി ശ്രമകരവുമാണ്. പൈപ്പ് പൊട്ടി 2 മണിക്കൂറിനുശേഷമാണ് വാല്‍വ് അടയ്ക്കാന്‍ സാധിച്ചത്. പേരൂര്‍ക്കട ജംഗ്ഷനിലെയും അമ്പലമുക്ക് ജംഗ്ഷനിലെയും വാല്‍വുകളാണ് അടച്ചിട്ടുള്ളത്. ജെ.സി.ബി ഉപയോഗിച്ച് റോഡ് കുഴിച്ചാണ് പണി തുടങ്ങിയത്.
പ്രിമോ പൈപ്പില്‍ പുതിയ റിംഗ് പൈപ്പ് വിളക്കിച്ചേര്‍ത്തുള്ള പണി ശ്രമകരമാണ്. പൈപ്പിന്റെ പണി ആരംഭിച്ചതോടെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്. പേരൂര്‍ക്കടയില്‍ നിന്ന് അമ്പലമുക്കിലേക്കുള്ള വലിയ വാഹനങ്ങള്‍ മണ്ണാമ്മൂല, ശാസ്തമംഗലം ഭാഗങ്ങള്‍ വഴിയും അമ്പലമുക്കില്‍ നിന്ന് പേരൂര്‍ക്കടയിലേക്കുള്ള വാഹനങ്ങള്‍ കവടിയാര്‍-കുറവന്‍കോണം, അമ്പലമുക്ക്-മുട്ടട റോഡുവഴിയുമാണ് തിരിച്ചു വിട്ടിരിക്കുന്നത്.
ചെറിയ വാഹനങ്ങളെ പോലീസിന്റെ സഹായത്തോടെ ഗതാഗതം നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇന്നു വൈകുന്നേരം 5 മണിക്കുള്ളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.ബുധനാഴ്ച രാവിലെ 10 മണിക്കുള്ളില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലവിതരണം പുന:സ്ഥാപിക്കാന്‍ സാധിക്കുമെന്നു വാട്ടര്‍അഥോറിറ്റി പേരൂര്‍ക്കട സെക്ഷന്റെ ചാര്‍ജ്ജുള്ള കവടിയാര്‍ എ.ഇ.ഇ അറിയിച്ചു.