പത്തനാപുരം: കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു. നടപടിയെടുക്കാതെ അധികൃതര്‍. പിറവന്തൂര്‍ -പത്തനാപുരം കുടിവെള്ളപദ്ധതി എന്നറിയപ്പെടുന്ന കുരിയോട്ടുമല കുടിവെള്ളപദ്ധതിയുടെ പത്തനാപുരം കല്ലുംകടവ് പഴയപാലത്തില്‍ സ്ഥാപിച്ച പൈപ്പ് ലൈനാണ് തുടര്‍ച്ചയായി പൊട്ടുന്നത്.
ഞായറാഴ്ച്ച മുതല്‍ പൈപ്പ് ലൈന്‍പൊട്ടി കല്ലുംകടവ് തോട്ടിലേക്ക് ജലമൊഴുകുന്നുന്നത്. ചൊവാഴ്ച്ച ഉച്ചയോടെ പൈപ്പില്‍ ഉണ്ടായ പൊട്ടല്‍ വലുതാകുകയും മീറ്ററുകളോളം ഉയരത്തില്‍ പൊങ്ങി ജലം പാഴാകാനും തുടങ്ങി. മണിക്കൂറുകളോളം ഇത്തരത്തില്‍ ജലം പാഴായിട്ടും സന്ധ്യയോടെയാണ് അധികൃതരെത്തി താല്‍ക്കാലികമായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്തിയത്. പത്തനാപുരം, പിറവന്തൂര്‍ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണിത്.
പത്തനാപുരം പഞ്ചായത്തിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പത്തനാപുരം ഗവ.ആശുപത്രിയ്ക്ക് സമീപമുള്ള ടാങ്കില്‍ എത്തിച്ച ശേഷമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. രാവിലെ ആരംഭിക്കുന്ന പമ്പിംഗ് വൈകുന്നേരം അഞ്ചോടെ മാത്രമാണ് അവസാനിക്കുക. കല്ലടയാറ്റില്‍ നിന്നുള്ള ജലം കുരിയോട്ടുമലയിലുള്ള പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. വെള്ളം ശക്തമായി ഒഴുകിയതിനാല്‍ പഴയപാലത്തിന്റെ ഒരു ഭാഗത്തെ മണ്‍ഭിത്തിയും ഇടിഞ്ഞു താണിട്ടുണ്ട്.