കുമരകം: പുതിയതായി വീട് നിർമിച്ചു താമസിക്കുന്ന കുടുംബത്തിന് വാട്ടർ അഥോറിറ്റിയുടെ വക ഷോക്ക് ട്രീറ്റ്മെന്റ്.
13-ാം വാർഡിൽ ഉമ്മാച്ചേരിൽ ഭാഗത്തു കൃഷ്ണവിലാസം തോപ്പ് അനൂപിന് ഈ വർഷം ഫെബ്രുവരിയിലാണ് കുടിവെള്ള കണക്ഷൻ ലഭിച്ചത്.
ഇന്നലെ വാട്ടർ അഥോറിറ്റിയിൽനിന്നു ലഭിച്ച നോട്ടീസിൽ 1,31,584 രൂപ കുടിശിക അടയ്ക്കണമെന്ന് അറിയിച്ചിരിക്കുന്നു.
30ന് മുൻപായി കുടിശിക അടച്ച് തീർത്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു നോട്ടീസിൽ പറഞ്ഞിട്ടുണ്ട്.
കണക്ഷൻ നൽകിയശേഷം നാളിതുവരെ മീറ്റർ റീഡിംഗ് എടുക്കുകയോ പണം അടയ്ക്കാനുള്ള ബില്ല് നൽകുകയോ ചെയ്തിട്ടില്ല.
ടിപ്പർ ഡ്രൈവറായ അനൂപും റിസോർട്ടിൽ ജോലിക്കാരിയായ ഗ്രീഷ്മയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം.
എട്ടു മാസങ്ങൾകൊണ്ട് ഇത്രയും വലിയ തുകയ്ക്കുള്ള വെള്ളം തങ്ങൾക്കു യാതൊരുവിധേനയും ഉപയോഗിക്കാനാവില്ലെന്ന് ഇവർ പറയുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ എത്തുന്ന ജലം നാലു മണിക്കൂറിനുള്ളിൽ നിന്നുപോകുക പതിവാണെന്നും ആരോപിക്കുന്നു.
ഇപ്പോൾ ലഭിച്ചിരിക്കുന്ന ഭീമമായ തുകയ്ക്കുള്ള ബില്ലിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പരാതി നൽകിയിട്ടുണ്ട്.