ലണ്ടൻ: ഒരു യാത്രാവിമാനം ഒളിപ്പിച്ചുവയ്ക്കാവുന്ന വലുപ്പമുള്ള അറ ഈജിപ്തിലെ ഗീ സയിലുള്ള മഹാപിരമിഡിൽ കണ്ടെത്തി. 4500 വർഷം മുന്പ് ഫറവോ ഖുഫു പണികഴിപ്പിച്ച പിരമിഡാണ് ഇത്. പഴയ കാലത്തെ ഏഴ് അദ്ഭുതങ്ങളിൽ ശേഷിക്കുന്ന ഏക നിർമിതിയാണിത്.
ബ്രിട്ടനിലെയും ഫ്രാൻസിലെയും ശാസ്ത്രജ്ഞർ സംയുക്തമായി മ്യൂവോൺ കണങ്ങൾ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ. 19-ാം നൂറ്റാണ്ടിനു ശേഷം മഹാപിരമിഡിൽ കണ്ടെത്തുന്ന ആദ്യത്തെ അറയെപ്പറ്റിയുള്ള പ്രബന്ധം നേച്ചർ മാസിക പ്രസിദ്ധീകരിച്ചു.
ഇരുന്നൂറു സീറ്റുള്ള വിമാനത്തെ ഉൾക്കൊള്ളാവുന്ന വലുപ്പമുണ്ട് ഈ അറയ്ക്ക്. 98 അടി നീളം. പിരമിഡിലെ വലിയ ഇടനാഴി എന്നറിയപ്പെടുന്ന ഭാഗത്തിനു മുകളിലാണ് ഈ അറ. കൃത്യമായ ആകൃതിയും വലുപ്പവും അറിവായിട്ടില്ല. ഇതെന്തിനു പണിതതാണെന്നും എന്താണിതിലുള്ളതെന്നും അറിവില്ല.
ചിയോപ്സ് എന്നുകൂടി പേരുള്ള ഖുഫു ഫറവോ (വാഴ്ചക്കാലം ബിസി 2589-2566) പണിയിച്ച പിരമിഡിന് 139 മീറ്റർ ഉയരവും 230 മീറ്റർ പാർശ്വദൈർഘ്യവും ഉണ്ട്. ഖുഫുവിന്റെയും പത്നി മെരീറ്റിറ്റിസിന്റെയും മൃതദേഹങ്ങൾ വെവ്വേറെ അറകളിൽ സംസ്കരിച്ചിരിക്കുന്നു. പുറമേ വലിയ നടുത്തളം എന്ന അറയും മുന്പേ ഗവേഷകർ കണ്ടിട്ടുള്ളതാണ്.
പിരമിഡിനെ സ്പർശിക്കാതെയും കല്ലുകൾ ഇളക്കാതെയുമുള്ള ഗവേഷണമാണ് അറ ഉണ്ടെന്നു കാണിച്ചുകൊടുത്തത്. കോസ്മിക് റേ മ്യുവോൺ റേഡിയോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു. ബ്രഹ്മാണ്ഡ രശ്മികൾ (കോസ്മിക് റേ – സൗരയൂഥത്തിനുമപ്പുറത്തുനിന്നു വരുന്ന ഉയർന്ന ഊർജനിലയുള്ള റേഡിയേഷൻ) അന്തരീക്ഷത്തിന്റെ മേൽത്തട്ടിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുന്പോൾ മ്യൂവോൺ പോലുള്ള കണങ്ങൾ പുറപ്പെടും. വൈദ്യുത ചാർജുള്ള ഈ കണങ്ങൾ തരംഗസ്വഭാവത്തോടെയാണു പ്രവർത്തിക്കുക. എക്സ്റേ പോലെ ഖരപദാർഥങ്ങളിലൂടെ കടന്നുപോകും. ഈ മ്യൂവോൺ രശ്മികൾ കടത്തിവിട്ട് പിരമിഡിന്റെ മ്യൂവോൺ റേ ചിത്രം (മനുഷ്യശരീരത്തിന്റെ എക്സ് റേ ചിത്രം പോലെ) എടുത്തു. അങ്ങനെയാണ് ഇതുവരെ കാണാത്ത ശൂന്യസ്ഥലം കണ്ടത്.
ആധുനിക കണികാ ഭൗതികശാസ്ത്രം പുരാവസ്തു വിജ്ഞാനീയത്തിൽ വിജയകരമായി ഉപയോഗിക്കാം എന്നതിന്റെ പാഠവുമായി ഈ കണ്ടെത്തൽ.