കോട്ടയം: വെള്ളപ്പൊക്കം കഴിഞ്ഞപ്പോൾ ഉൾനാടൻ ജലാശയങ്ങളിൽ വലയിൽ കയറുന്നത് പിരാനയും ആഫ്രിക്കൻമുഷിയും. വൈക്കം, തലയാഴം, തണ്ണീർമുക്കം, കുമരകം എന്നിവിടങ്ങളിൽ ഒരാഴ്ചയായി മത്സ്യത്തൊഴിലാളികളുടെ വലയിൽ ഇവ കുരുങ്ങുന്നു.
തടവലയിലും വീശുവലയിലും കയറിപ്പറ്റുന്ന ഇത്തരം മത്സ്യങ്ങൾ വല കടിച്ചുമുറിക്കും. കൂർത്ത പല്ലുകളുള്ള പിരാന കൈ കടിച്ചുമുറിച്ചു പരിക്കേൽപിച്ച സംഭവവുമുണ്ടായി. ഈ മേഖലയിൽ സുലഭമായിരുന്ന മുഷി, കരിമീൻ, പള്ളത്തി തുടങ്ങിയ നാടൻ മത്സ്യങ്ങളുടെ ലഭ്യത വെള്ളപ്പൊക്കത്തിനുശേഷം കുറയുകയും ചെയ്തു.
ഫാമുകളിലും ടാങ്കുകളിലും അനധികൃതമായി വളർത്തിയിരുന്ന ആക്രമണകാരികളായ ഇനം മത്സ്യങ്ങൾ വെള്ളപ്പൊക്കത്തിൽ നദികളിലും കായലിലും തോടുകളിലും ഒഴുകിയെത്തിയിട്ടുണ്ട്.
ഇത്തരം മത്സ്യങ്ങളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമുണ്ട്.
മാംസം തിന്നു മത്സ്യ ഇനങ്ങാണ് ഇവ. നാടൻ മത്സ്യങ്ങളുടെ വംശസുരക്ഷയ്ക്കു ഭീഷണിയായി മാറിയിരിക്കുകയാണ് പിരാനയും ആഫ്രിക്കൻ മുഷിയും. നാടൻ മത്സ്യങ്ങളെ ഇവ തിന്നൊടുക്കുമെന്നു മാത്രമല്ല അനിയന്ത്രിതമായ നിരക്കിൽ ഇവ പെരുകുകയും ചെയ്യും.