പള്ളുരുത്തി: വേമ്പനാട് കായലിൽ വലയെറിഞ്ഞാൽ കുടുങ്ങുന്നത് വിദേശ ഇനം മീനുകളാണ്. മത്സ്യവകുപ്പ് വളർത്തുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുള്ള റെഡ് ബെല്ലി പിരാനയാണ് ഇപ്പോൾ കൂട്ടത്തോടെ വേമ്പനാട് കായലിലേക്ക് എത്തിയിരിക്കുന്നത്. ഇതിന് നട്ടർ ഫിഷ് എന്നും പേരുണ്ട്.
കുളങ്ങളിലും ജലാശയങ്ങളിലും വളർത്തിയിരുന്ന മത്സ്യങ്ങളാണ് പ്രളയത്തെ തുടർന്ന് വേമ്പനാട്ട് കായലിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം അരക്കിലോയോളം തൂക്കമുള്ള ഒരേ വലിപ്പത്തിലുള്ള പിരാനയാണ് തൊഴിലാളികൾക്കു ലഭിക്കുന്നത്. തെക്കേ അമേരിക്കയിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.
കൂർത്ത പല്ലുകളുള്ള പിരാനയ്ക്ക് വെള്ളത്തിലെ മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും. വെള്ളത്തിലിറങ്ങുന്ന മനുഷ്യരെപ്പോലും കൂട്ടത്തോടെ ആക്രമിച്ച് മാംസം കവർന്നെടുക്കാൻ ഇവയ്ക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്.
പെട്ടെന്നുളള വളര്‍ച്ചയും തൂക്കവും രുചിയുള്ള മാംസവുമാണ് ഇവയെ വളര്‍ത്താൻ മത്സ്യകർഷകരെ പ്രേരിപ്പിക്കുന്നത്. പ്രളയത്തിനു ശേഷം വേമ്പനാട് കായലിൽ വലയിടുന്നവർക്കാണ് പിരാന ധാരാളമായി ലഭിക്കുന്നത്. ഇവയോടൊപ്പം കൊഞ്ച്, കാളാഞ്ചി, ചെമ്പല്ലി,
ആഫ്രിക്കൻ മുഷി എന്നിവയും കായലിൽനിന്നു തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. വൈള്ളപ്പൊക്കത്തിൽ മത്സ്യക്കൃഷി നടത്തിയിരുന്നവർക്ക് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. കനത്ത മഴയിൽ കായലിലെ ഉപ്പിന്റെ അംശം മാറി ശുദ്ധജലമായതിനാൽ ഇവ കായൽ ജലവുമായി പൊരുത്തപ്പെട്ട അവസ്ഥയിലാണ്.
ശുദ്ധജലത്തിൽ വളരുന്ന മത്സ്യ ഇനമായതിനാൽ ഇവ പെറ്റുപെരുകാൻ സാധ്യതയുണ്ട്. ഇതു നാടൻ മത്സ്യങ്ങൾക്കു വൻ ഭീഷണിയാണുണ്ടാക്കുന്നത്.