ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുക്കുന്നു. 4,700 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പിരമിഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കുന്നത്.
അറുപത് അടി ഉയരവും 28 മീറ്റര്‍ ആഴവും ഏഴ് മീറ്റര്‍ വീതിയും പിരമിഡിനുണ്ട്. സഖാറ നെക്രോപോളിസ് എന്ന സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന ഈ പിരമിഡില്‍ ഈജിപ്തിലെ മൂന്നാം രാജവംശത്തിലെ രാജാവായ ജോസര്‍ രാജാവിനെ അടക്കിയിരിക്കുന്നതാണെന്ന് കരുതപ്പെടുന്നു.
90 അടി താഴ്ചയിലെ ഭൂഗര്‍ഭ അറയിലാണ് അദ്ദേഹത്തിന്റെ ശവകല്ലറ. ശവകുടീരത്തിന് മുകളില്‍ ആറ് പടികള്‍ അടുക്കി വച്ചിട്ടുണ്ട്. ഇത് രാജാവിന് സ്വര്‍ഗത്തിലേക്ക് നടന്നു കയറുവാനുള്ള പടികളാണെന്നാണ് കരുതപ്പെട്ടിരുന്നത്.
ഈജിപ്തിലെ പുരാതന ആര്‍ക്കിടെക്ട് ആയ ഇംഹോടെപ്പാണ് ഈ പിരമിഡ് രൂപകല്‍പ്പന ചെയ്തത്. സുരക്ഷാകാരണങ്ങളാല്‍ ഈ പിരമിഡ് 1930ല്‍ അടച്ചിരുന്നു. 1992ലെ ഭൂചലനത്തില്‍ ഈ പിരമിഡിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 2006ലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയില്‍ നിന്നുള്ള പീറ്റര്‍ ജയിംസ് ആണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
പുതിയൊരു ഈജിപ്തിനെ കെട്ടിപ്പടുക്കുവാനുള്ള കഠിനപരിശ്രമത്തിലാണ് ഞങ്ങൾ. രാജ്യത്തിന്റെ പൈതൃകം വീണ്ടെടുക്കുന്നതിനാണ് ഞങ്ങള്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗളി പറഞ്ഞു.