സ്വന്തം ലേഖകൻ
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കോലിയക്കോട് കൃഷ്ണൻ നായർ പ്രവർത്തിച്ചൂവെന്ന വെളിപ്പെടുത്തലുമായി പിരപ്പൻകോട് മുരളി.
താനൊരിക്കലും മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയല്ല. അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നിർദേശപ്രകാരമാണു മത്സരിക്കാൻ തയാറായത്.
വാമനപുരം മണ്ഡലത്തിൽ 1996-ൽ താൻ സ്ഥാനാർഥിയായ നിമിഷം മുതൽ കൃഷ്ണൻ നായർ തന്നെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായി നടത്തിയെന്നും എന്നാൽ മണ്ഡലത്തിലെ ജനങ്ങൾ തന്നെ വിജയിപ്പിച്ചൂവെന്നും പിരപ്പൻകോട് മുരളി തന്റെ ആത്മകഥയിൽ പറയുന്നു.
വിഎസിന്റെ വിശ്വസ്തനും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായിരുന്ന പിരപ്പൻകോട് മുരളിയുടെ ഈ വെളിപ്പെടുത്തൽ വരും ദിവസങ്ങളിൽ ജില്ലയിലെ പാർട്ടിയിൽ പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറക്കും.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്നെ തോൽപിക്കാനായി കോലിയക്കോട് കൃഷ്ണൻനായർ രഹസ്യയോഗങ്ങൾ വിളിച്ചു. സിറ്റിംഗ് എംഎൽഎ ആയിരുന്ന കൃഷ്ണൻ നായർക്കു പാർട്ടി നടപടി മൂലം വാമനപുരത്ത് മത്സരിക്കാനായില്ല.
സുശീല ഗോപാലന്റെ പേരാണ് മണ്ഡലത്തിലേക്ക് സംസ്ഥാന കമ്മിറ്റി ആദ്യ ഘട്ടത്തിൽ പരിഗണിച്ചത്. എന്നാൽ ആനത്തലവട്ടം ആനന്ദനും, കടംപള്ളി സുരേന്ദ്രനും തന്റെ പേരാണ് നിർദേശിച്ചത്.
എന്നാൽ തന്റെ സ്ഥാനാർഥിത്വത്തെ വെഞ്ഞാറമ്മൂട് ഏരിയാ കമ്മിറ്റി എൈകകണ്ഠേന എതിർത്തതായി ഒരു നേതാവിന്റെ സഹായത്തോടെ കൃഷ്ണൻ നായർ ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചടയൻ ഗോവിന്ദനെ അറിയിച്ചു.
വാമനപുരത്ത് സുശീല ഗോപാലൻ വിജയിക്കുമെന്ന് ഉറപ്പു നൽകാമെന്നും ചടയനോട് പറഞ്ഞു. എന്നാൽ മത്സരിക്കാൻ താത്പര്യമില്ലാതിരുന്ന തന്നെ വി.എസ്. എകെജി സെന്ററിലേക്ക് വിളിപ്പിച്ച് വാമനപുരത്ത് മത്സരിക്കാൻ നിർദേശിക്കുകയായിരുന്നു. നിങ്ങൾ തീർച്ചയായും വിജയിക്കും.
നിങ്ങൾ പരാജയപ്പെട്ടാലും ഞങ്ങൾക്ക് അതൊരു പുതിയ കാര്യമല്ല എന്ന് വി.എസ്. പറഞ്ഞതായും പിരപ്പൻകോട് മുരളി ആത്മകഥയിൽ പറയുന്നു.
കുതികാൽവെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാർഥിത്വവുമെന്ന പേരിലുള്ള അധ്യായത്തിലാണ് 1996 കാലഘട്ടത്തിൽ ജില്ലയിലെ സിപിഎമ്മിൽ നടന്ന വിഭാഗീയ പ്രവർത്തനങ്ങളെപ്പറ്റി അദ്ദേഹം വിശദീകരിക്കുന്നത്.
തന്റെ തോൽവി ഉറപ്പാക്കാൻ കൃഷ്ണൻ നായരും ചില നേതാക്കളും കെ.ആർ.ഗൗരിയമ്മയെ സ്വാധീനിച്ച് സി.കെ.സീതാറാമിനെ ജെഎസ്എസ് സ്ഥാനാർഥിയാക്കി അവതരിപ്പിച്ചു.
പാർട്ടി ഒൗദ്യോഗിക സംവിധാനം തനിക്കെതിരേ നന്നായി പ്രവർത്തിച്ചു. കല്ലറ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മീനാംബികയുടെ വീട്ടിൽ കോലിയക്കോട് കൃഷ്ണൻനായർ തന്നെ തോൽപിക്കാൻ യോഗം വിളിച്ചു.
മീനാംബിക ഇക്കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചതോടെയാണ് അട്ടിമറി പ്രവർത്തനം പുറത്തായതെന്നും ഇപ്പോഴും അതിന്റെ പേരിൽ മീനാംബികയെ വേട്ടയാടുന്നുവെന്നും പിരപ്പൻകോട് മുരളി പറയുന്നു.
വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദർശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ആലിയാട് മാധവൻപിള്ളയെ കോലിയക്കോട് കൃഷ്ണൻനായർ നിർബന്ധിച്ച് ആശുപത്രിയിൽ അഡ്മിറ്റാക്കി.
എന്നാൽ എല്ലാ പ്രതിബന്ധങ്ങളും മറികടന്നു 6,386 വോട്ടുകൾക്ക് താൻ ജയിച്ചൂവെന്നും മുരളി വ്യക്തമാക്കുന്നു.പ്രായാധിക്യത്തിന്റെ കാരണം പറഞ്ഞു നേരത്തേ പിരപ്പൻകോട് മുരളിയെ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
മുരളിയുടെ അതേ പ്രായമോ അതിൽ കൂടുതലോ ഉണ്ടായിരുന്ന കോലിയക്കോട് കൃഷ്ണൻ നായരെ സംസ്ഥാന കമ്മിറ്റിയിൽ നിലനിർത്തുകയും ചെയ്തു. പിണറായി വിജയനോടുള്ള അടുപ്പമാണു കൃഷ്ണൻ നായർക്കു തുണയായത്.
ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ മുരളിലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. നിലവിൽ അദ്ദേഹത്തിന്റെ പാർട്ടി ഘടകം സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയാണ്.