പിറവം: പേപ്പതി എഴുപ്പുറത്ത് മുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ അധികൃതരുടെ അനാസ്ഥ മൂലം. നാട്ടുകാർ നൽകിയ പരാതികളെല്ലാം അവഗണിച്ച് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച് മന്ത്രി വി. ശിവൻകുട്ടി കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വെസ്റ്റ് ബംഗാൾ ബോയർഗട്ട ബാൻഗരിയ സ്വദേശികളായ സുകുമാർ ഘോഷ് (45), ഗൗർ മണ്ഡാൽ (29), സുബർത ക്രറ്റാനിയ (37) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലാണ് സൂക്ഷച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വന്തം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരേ സമീപവാസികൾ ഒരു മാസം മുമ്പാണ് ആർഡിഒ അടക്കമുളവർക്ക് പരാതി നൽകിയത്. അന്ന് നടപടി സ്വീകരിക്കാതെ ഉത്തരവാദിത്വപ്പെട്ട അധികൃതർ ഒത്തുതീർപ്പ് ചർച്ചകളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് കാരാറുകാരൻ ഒത്തുതീർപ്പ് ചർച്ച നടത്തിയത്.
ഇതനുസരിച്ച് കുന്നിൽനിന്നും മണ്ണിടിച്ച ഭാഗത്ത് താത്ക്കാലികമായി ഷീൽഡ് (ഷീറ്റ് വാൾ) സ്ഥാപിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിന് പ്രധാന കാരണം മുകൾ ഭാഗത്ത് ഏതാനും വീടുകളും, പഞ്ചായത്ത് റോഡുമുണ്ടായിരുന്നു. ഇവയുടെ സുരക്ഷ മുൻ നിർത്തിയായിരുന്നു ഇങ്ങനെയൊരു തീരുമാനം. പക്ഷെ ഇത് സ്ഥാപിക്കാൻ തയാറായില്ല.
നിലവിൽ 18 അടിയോളം കുന്ന് അരിഞ്ഞ് താഴ്ത്തിയ നിലയിലാണ് മൂന്നംഗ സംഘം ഭൂമി വാങ്ങുന്നത്. പിന്നീട് കെട്ടിടത്തിന്റെ ഫ്ലാറ്റ്ഫോം നിർമിക്കുന്നതിനായി വീണ്ടും ഏഴ് അടിയോളം താഴ്ത്തിയതാണ് വിനയായത്. ഇവിടെ നിന്നുമെടുത്ത മണ്ണ് ഇവിടെ കൂട്ടിയിട്ടുണ്ട്.ഇന്നലെ എട്ടു പേർ മാത്രമാണ് ജോലിയിലുണ്ടായിരുന്നത്. കരാറുകാരനായ തൃപ്പൂണിത്തറ സ്വദേശി പോൾ ജയിംസിനോട് ഇന്ന് മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. .