പിറവം: സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിൽ അനധികൃതമായി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. ഷോപ്പിംഗ് കോംപ്ലക്സിന്റെ മുന്നിലാണ് വാഹനങ്ങൾ നിരയായി പാർക്ക് ചെയ്തിരിക്കുന്നത്.നേരത്തെ ഇവിടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരേ പോലീസ് നടപടി സ്വീകരിച്ചതാണങ്കിലും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.
ബസ് സ്റ്റാന്‍ഡിനുള്ളിൽ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ചിട്ടുള്ളതാണങ്കിലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന കാരണത്താൽ ഇതും അടഞ്ഞുകിടക്കുകയാണ്. സ്റ്റാന്‍ഡിനുള്ളിൽ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചിരിക്കുന്നതല്ല. മറ്റു സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നവരും സ്വകാര്യ ബസ് തൊഴിലാളികളും തങ്ങളുടെ ഇരു ചക്രവാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടു പോവുകയാണ്.
അനധികൃത പാർക്കിംഗ് മൂലം വ്യാപാര സ്ഥാപനങ്ങൾക്ക് തടസവും യാത്രക്കാർക്ക് കോംപ്ലക്സിന്റെ വരാന്തയിൽ ബസ് കാത്തു നിൽക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നഗരസഭാധികൃതർക്കും പോലീസിനും നൽകിയിട്ടുള്ളതാണങ്കിലും നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുള്ള ആക്ഷേപമുണ്ട്.
ബസ് സ്റ്റാന്‍ഡിനു സമീപത്തുതന്നെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ പേ ആൻഡ് പാർക്കും മറ്റു സൗകര്യങ്ങളുമെല്ലാമുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ തയാറാകുന്നില്ല.