ജോമോൻ പിറവം
പിറവം: യാക്കോബായ സഭയുടെ അടിയന്തിര എപ്പിസ്കോപ്പൽ സുന്നഹദോസ് പിറവം വലിയ പള്ളിയിൽ ആരംഭിച്ചു. പിറവം വലിയ പള്ളിയെ സംബന്ധിച്ചുണ്ടായ കോടതി വിധിയും, ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചും ചർച്ച ചെയ്യുന്നതിനാണ് സുന്നഹദോസ് ചേരുന്നത്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന സുന്നഹദോസ് മൂന്നു മാസം കൂടുന്പോഴാണ് നടക്കാറുള്ളതെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വിളിച്ചുചേർക്കുകയായിരുന്നു.
രാവിലെ 11ന് ആരംഭിച്ച സുന്നഹദോസിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയാണ് നേതൃത്വം നൽകുന്നത്. പിറവം വലിയ പള്ളിയിൽ നടന്ന സംഭവങ്ങളിൽ സഭാ വിശ്വാസികൾ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ഇതു മനസിലാക്കാൻ ഭരണകൂടം തയാറാകണമെന്ന് യാക്കോബായ വിഭാഗം പറയുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം തർക്കം നിൽക്കുന്ന നിരവധി പള്ളികളിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിച്ചിട്ടുണ്ട്.
പ്രശ്നമുള്ള പള്ളികൾ ചർച്ചയിലൂടെ പരിഹരിക്കാൻ യാക്കോബായ വിഭാഗം തയാറാണ്. എന്നാൽ, ഓർത്തഡോക്സ് വിഭാഗം മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.സുപ്രീം കോടതി വിധി നടപ്പാക്കാത്തതു സംബന്ധിച്ച് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. ‘
വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് ഇന്നാണ്. ഇത് പരിഗണിക്കാനിരിക്കെയാണ് ഇന്നലെ പോലീസ് സംഘം പള്ളിയിൽ എത്തിയത്. പക്ഷേ, പള്ളിയിൽ യാക്കോബായ വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ്പിനെത്തുടർന്ന് പോലീസിന് പിന്നീട് പിൻവലിയേണ്ടതായും വന്നു. സ്ത്രീകളടക്കമുള്ള ഒരു കൂട്ടം വിശ്വാസികൾ ആത്മഹത്യഭീഷണി മുഴക്കിയതും പോലീസിന് തിരിച്ചടിയായി.
പിറവം പളളിയുടേതിനു സമാനമായ രീതിയിലാണ് കോതമംഗലം പള്ളിയുടേയും അവസ്ഥ. അടുത്ത ദിവസങ്ങളിൽ കോതമംഗലം പ്രശ്നത്തിലും കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ന് പിറവത്ത് നടന്നുകൊണ്ടിരിക്കുന്ന സുന്നഹദോസിൽ യാക്കോബായ സഭ കർശനമായ നിലപാടുകളായിരിക്കും സ്വീകരിക്കുന്നത്. എന്തു പ്രശ്നമുണ്ടെങ്കിലും തങ്ങളുടെ കൈവശമിരിക്കുന്ന ആരാധനാലയങ്ങളും സ്വത്തുവകകളും വിട്ടുതരില്ലെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കുന്നു.
യാക്കോബായ വിഭാഗക്കാരുമായി യാതൊരു വിധ ചർച്ചയ്ക്കും തയാറല്ലെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നു. വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ രാജ്യത്തെ പരമോന്നത കോടതി യാഥാർഥ്യം തിരിച്ചറിഞ്ഞിട്ടാണ് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധിയുണ്ടായത്. ഓർത്തഡോക്സ് സഭയുടെ ദേവാലയങ്ങളും മറ്റു സ്വത്തുവകകളും വിട്ടു നൽകിക്കൊണ്ടുള്ള ചർച്ചകൾക്കൊന്നും തയാറല്ലെന്നാണ് കണ്ടനാട് ഈസ്റ്റ് ഭദ്രാനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് പറയുന്നത്.
യാക്കോബായ വിഭാഗം പ്രതീക്ഷയർപ്പിക്കുന്നത് സംസ്ഥാന സർക്കാരിലാണ്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുമുള്ള ഒരു അനുരഞ്ജന ശ്രമവും അവർ പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല പ്രശ്നത്തിലും, പിറവം പള്ളി പ്രശ്നത്തിലും സർക്കാർ സ്വീകരിച്ച നിലപാടിനെ ഹൈക്കോടതി വിമർശിച്ചത് സർക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്നു. ഹൈക്കോടതിയുടെ ഇന്നത്തെ നിലപാട് എന്താണന്നുള്ളതാണ് സർക്കാർ നോക്കുന്നത്.
ഇതറിഞ്ഞ ശേഷമായിരിക്കും അടുത്ത നടപടികളിലേക്ക് പോകുന്നത്. യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുള്ള പിറവം പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുക്കുന്നത് ഏറെ ക്ലേശകരമാണന്നുള്ളത് ഇന്നലത്തെ സംഭവം കൊണ്ട് മനസിലായിട്ടുണ്ട്. എന്നാലും കോടതിയുടെ നിർദേശം എന്താണന്നുള്ളത് അറിയാനാണ് സർക്കാർ കാതോർക്കുന്നത്.
ഇന്നലെ പിറവത്ത് നടന്ന സംഭവങ്ങളിൽ ഓർത്തഡോക്സ് സഭയുടെ എതിർപ്പ് മുഖ്യമന്ത്രിയടക്കമുള്ളവരെ അറിയിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചുവെന്ന് വരുത്തിത്തീർക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും, സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തയാറായില്ലെങ്കിൽ വീണ്ടും കോടതിയെതന്നെ സമീപിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കി. കോടതിയിലുള്ള വിശ്വാസം ഓർത്തഡോക്സ് സഭയ്ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന് ശബരിമല പ്രശ്നത്തിന് ശേഷം അഴിയാക്കുരുക്കായി പിറവം പള്ളി പ്രശ്നവും മാറിയിരിക്കുകയാണ്. ഇരു സഭകളിൽ നിന്നുമുള്ള സമ്മർദ്ദം ഒരു ഭാഗത്ത് നടക്കുന്പോൾ, കോടതി വിധികൾ മറ്റൊരു പ്രശ്നമായി അവശേഷിക്കുന്നു.