പിറവം: മതമൈത്രിയുടെ നാടെന്ന ഖ്യാതി ഊട്ടിയുറപ്പിച്ചു ശബരിമല തീർഥാടകർക്ക് വിശ്രമ സൗകര്യമൊരുക്കി പിറവത്തെ ക്രിസ്ത്യൻ ദേവാലയം. ബംഗളൂരുവിൽനിന്നെത്തിയ 20 അംഗ സംഘമാണ് ഓർത്തഡോക്സ് ദേവാലയമായ സെന്റ് ഗ്രിഗോറിയോസ് തീർഥാടന കേന്ദ്രത്തിൽ തങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ പള്ളിയിൽ സന്ധ്യാപ്രാർഥന നടക്കുന്ന സമയത്താണ് സംഘം എത്തിയത്.
സമീപത്തുകൂടി ഒഴുകുന്ന പുഴയിൽ കുളിക്കുക, ഭക്ഷണം പാചകം ചെയ്ത് വിശ്രമിച്ച ശേഷം ശബരിമലയ്ക്ക് യാത്രയാകുക എന്ന ആവശ്യത്തിന് പള്ളി അധികൃതർ അനുവാദം നൽകുകയായിരുന്നു. പള്ളിയുടെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തശേഷം പള്ളിയിൽ പ്രാർഥിക്കുകയും ചെയ്തു.
ഇവർക്കുവേണ്ട സഹായങ്ങൾ പള്ളി ഭാരവാഹി കുര്യാക്കോസ് മണ്ഡപത്തിൽ, ശുശ്രൂഷകൻ ബെൻ കുഞ്ചാക്കോ എന്നിവർ ചെയ്തുകൊടുത്തു. ബംഗളൂരുവിലെ ഐടി മേഖലയിൽ ജോലി ചെയ്യുന്ന രവികുമാറിന്റെ നേതൃത്വത്തിലാണ് സംഘം ശബരിമലയ്ക്ക് യാത്രതിരിച്ചത്.
ചോറ്റാനിക്കരയിൽ ദർശനത്തിനു ശേഷമാണ് പിറവത്തുകൂടി എത്തിയത്. ചോറ്റാനിക്കരയിൽയിൽനിന്നു ശബരിമലയ്ക്ക് പിറവം, പാലാ വഴി എളുപ്പം എത്തിച്ചേരാമെങ്കിലും വളരെ വിരളമായാണ് തീർഥാടകർ ഇതുവഴി പോകാറുള്ളു. വിശ്രമിക്കുന്നതിനായി അനുവാദം നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്നു രവികുമാർ പറഞ്ഞു. അടുത്ത തീർഥാടന കാലത്തും ഇവിടെയെത്തുമെന്ന് പറഞ്ഞാണ് ഇവർ യാത്രയായത്.