പിറവം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ കയറി ഓഫീസ് സെക്രട്ടറിയെ ഒരു സംഘം യുവാക്കൾ മർദിച്ചു. ഡിവൈഎഫ്ഐ മേഖല സെക്രട്ടറികൂടിയായ നിതിൻ രാജിനാണ് മർദനമേറ്റത്. ഇന്നലെ പകൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീണ്ടും സംഘർഷാവസ്ഥയുണ്ടായി.
പിഒ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഒരു സ്ഥാപനം കേന്ദ്രീകരിച്ച് ഒരു സംഘമാളുകൾ തന്പടിക്കുന്നത് പതിവാണന്ന് സിപിഎം ആരോപിക്കുന്നു. ഇവരാണ് ഓഫീസ് സെക്രട്ടറിയെ മർദിച്ചതെന്നും പറയുന്നു. ഇതിനൊപ്പം ചില എഐവൈഎഫ് പ്രവർത്തകരും ഉൾപ്പെട്ടിട്ടുള്ളതായി ആരോപണമുയർന്നിട്ടുണ്ട്.
ഇന്നലെ രാത്രിയിൽ ഓഫീസ് സെക്രട്ടറിയെ മർദിച്ചത് സംബന്ധിച്ച് അന്വേഷിക്കുന്നതിന് സിപിഎം നേതാക്കൾ ഇവിടെയെത്തിയിരുന്നു. വീണ്ടും വാക്കുതർക്കമുണ്ടായതിനേത്തുടർന്നാണ് സംഘർഷാവസ്ഥയുണ്ടായത്. ഇവിടെയുണ്ടായിരുന്ന സിഐടിയുക്കാരുമായി ബഹളമുണ്ടാവുകയും ചെയ്തു.
ഇതിനിടെ സ്ഥാപന ഉടമയായ തൊടുപുഴ സ്വദേശിയും അവിടുത്തെ യൂത്ത് കോണ്ഗ്രസ് നേതാവുമായ എബിക്ക് പരിക്കേറ്റതായി പറയുന്നു. എബി പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പിറവത്തെ മയക്കുമരുന്നു വ്യാപാരവുമായി പുറത്തുനിന്നും ഇവിടെയെത്തുന്ന ചില സംഘാഗങ്ങൾക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി സിപിഎം നേതാക്കൾ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.