പിറവം: നഗര ഹൃദയത്തിൽ വയോധികനെ കല്ലിനിടച്ചു കൊലപ്പെടുത്തിയശേഷം പ്രതികൾ ആക്രമിച്ചയാൾ ഗുരുതരാവസ്ഥയിൽ. പെരുവ സ്വദേശി ജോസിന്റെ (59) തലയോട്ടിക്ക് പൊട്ടലേൽക്കുകയും മുഖത്ത് സാരമായ പരിക്കേൽക്കുകയും കുപ്പികൊണ്ടുള്ള കുത്തുമേറ്റിട്ടുണ്ട്. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് എടയ്ക്കാട്ടുവയൽ പാർപ്പാംകോട് കണ്ടംകരിക്കൽ വീട്ടിൽ നാരായണൻകുട്ടി (70) യെ പാഴൂർ പോഴിമല കോളനിയിൽ താമസിക്കുന്നവരായ അജീഷ് (26), ജിത്തു എന്നുവിളിക്കുന്ന ജിതേഷ് (18) എന്നിവർ ചേർന്ന് കല്ലിനിടച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് ത്രീറോഡ് ജംഗ്ഷന് സമീപം കടവരാന്തയിൽ ഭാര്യയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ജോസിനേയും ആക്രമിച്ചു.
സിനിമ കാണാനെത്തിയ പ്രതികളെ തിയറ്റർ ജീവനക്കാർ പുറത്താക്കിയിരുന്നു. തിയറ്റർ അധികൃതർ പോലീസിനേയും വിവരമറിയിച്ചിരുന്നു. പോലീസെത്തിയപ്പോഴേക്കും സംഘം ഇവിടെ നിന്നും പോയി. ഇവർ നേരേ പോയത് ബാറിലേക്കായിരുന്നു. ബാർ അടച്ചതിനേത്തുടർന്ന് മാർക്കറ്റിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. എന്നാൽ, ഇവിടേയും അടച്ചതിനാൽ സ്വകാര്യ ബസ് സ്റ്റാന്ഡിന്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെയാണ് നാരായണനെ ആക്രമിച്ചത്.
ഉച്ചത്തിൽ പാട്ടുപാടി പോകുന്നതുകണ്ട് മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ വരാന്തയിൽ കിടക്കുകയായിരുന്ന നാരായണൻ ഇവരെ അസഭ്യം പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഇവർ നാരായണന്റെ കാലിൽ പിടിച്ചുവലിച്ച് നീക്കിയിട്ട് സമീപത്തുണ്ടായിരുന്ന സിമന്റ് ഇഷ്ടിക ഉപയോഗിച്ച് ഇടിക്കുകയായിരുന്നു.
മുഖത്തിന്റെ ഒരു ഭാഗത്തും, നെഞ്ചിലും കല്ലുകൊണ്ടിടിച്ച പാടുകളുണ്ട്. സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്ന പ്രതികൾ ഇതിന്റെ ലഹരിയിലാണ് ക്രൂരമായ രീതിയിൽ കൃത്യം നിർവഹിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇഷ്ടിക ഉയരത്തിൽ പിടിച്ച് അവശനിലയിലായ നാരായണന്റെ ദേഹത്തേക്ക് ഇടുകയും ചെയ്തു.
നാരായണൻ മരിച്ചുപോകുമെന്നുള്ള ചിന്തയൊന്നും ലഹരിയിലായിരുന്ന പ്രതികൾക്കുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇവിടെ നിന്നും നടന്നു നീങ്ങിയ ഇരുവരും ത്രീറോഡ് ജംഗ്ഷന് സമീപം ബസ്ബേയുടെ സമീപത്തുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന ജോസിനേയും ഭാര്യയേയും ആക്രമിച്ചു. നാടോടികളായ ഇവർ ഏറെ നാളായി പിറവത്തും പരിസര പ്രദേശങ്ങളിലുമുണ്ട്.
ഇവർക്ക് ജോസിനോടുണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സമ്മതിച്ചിട്ടുണ്ട്. വലിയ കല്ലുപയോഗിച്ച് തലയ്ക്കിട്ട് ഇടിച്ചതിനേത്തുടർന്ന് തലയോട്ടി പൊട്ടിയിട്ടുണ്ട്. മുഖത്തും കല്ലുപയോഗിച്ച് ഇടിച്ചതുമൂലം സാരമായ പരിക്കേറ്റു. ഇതിന് ശേഷം ബിയർ കുപ്പി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്തു. ഇതോടെ അവശനിലയിലായ ജോസിനെ ഉപേക്ഷിച്ച് സംഘം പോയി. സംഭവങ്ങൾക്ക് ജോസിന്റെ ഭാര്യ ദൃക്സാക്ഷിയുമാണ്.
കോട്ടയം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജോസിന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.ജോസിനെ ആക്രമിച്ച സംഭവമറിഞ്ഞാണ് പ്രതികളെ പോലീസ് പുലർച്ചെയോടെ കസ്റ്റഡിയിലെടുക്കുന്നത്. ഇവർ മറ്റൊരാളെ കൊന്നിരിക്കുന്ന വിവരം പോലീസിനോട് വെളിപ്പെടുത്തിയുമില്ല. രാവിലെ 6.30-ഓടെയാണ് മാർക്കറ്റിന് സമീപം ഒരാളെ കല്ലിനിടിച്ച് കൊലചെയ്തിരിക്കുന്ന വിവരം പോലീസ് അറിയുന്നത്.
പിന്നീടുള്ള അന്വേഷണത്തിൽ നാരായണനുമായി പ്രതികൾ വാക്കേറ്റം നടത്തുന്നത് ചിലർ കണ്ടിരുന്നതായി അറിയിച്ചു. ഇതറിഞ്ഞ് സ്റ്റേഷനിലുണ്ടായിരുന്ന ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോൾ എല്ലാ വിവരങ്ങളും യാതൊരു മടിയുമില്ലാതെ വെളിപ്പെടുത്തി. പ്രതികളിലൊരാളായ ജിത്തു പ്രായപൂർത്തിയാകുന്നതിനു മുന്പുതന്നെ ആറോളം മോഷണ കേസുകളിലെ പ്രതിയാണ്.
കടകൾ കുത്തിത്തുറന്നും വീടുകളിൽ കയറിയും ചെറിയ മോഷണങ്ങളാണ് നടത്തിവന്നിരുന്നത്. പല കേസുകളിലും ജിത്തുവിനെതിരേ തെളിവുകളുമില്ലായിരുന്നു. പോലീസിന് സ്ഥിരം തലവേദനയായിരുന്ന ജിത്തുവിനെ കാക്കനാട് ബോയ്സ് ഹോമിലേക്കും അയച്ചിട്ടുണ്ട്. ലഹരിക്കടിമയായ പ്രതികൾ ഇരുവരും ഒരുമിച്ചാണ് നടന്നിരുന്നത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
നാട്ടുകാരെ ഞെട്ടിച്ചുകൊണ്ട് അരുകൊല നടത്തിയ പ്രതികളെ കൈയോടെ പിടികൂടാൻ കഴിഞ്ഞതിലുള്ള ആശ്വസത്തിലാണ് പോലീസ്. നാരായണന്റെ കൈവശമുണ്ടായിരുന്ന പണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് തുടക്കത്തിൽ സൂചനയുണ്ടായിരുന്നെങ്കിലും, കൈവശമുണ്ടായിരുന്ന പണം സമീപത്തുനിന്നും പോലീസിന് ലഭിച്ചിരുന്നു.