എറണാകുളം: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ് മരിച്ചത്. ഇവരുടെ രണ്ട് പെൺമക്കൾക്കും വെട്ടേറ്റു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു.
പ്രവാസിയായിരുന്ന ബേബി (58) നാട്ടിൽ താമസമാക്കിയിട്ട് കുറച്ച് നാളുകളെ ആയുള്ളൂ. 18 ഉം 21ഉം വയസ്സുള്ള പെൺമക്കൾ നഴ്സിംഗ് വിദ്യാർഥികളാണ്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രിയിൽ നിന്നും അറിയിച്ചു.
ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഇവരുടെ വീട്ടിൽ നിന്ന് ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ വെട്ടേറ്റ മക്കളെ ഇവർ ആശുപത്രിയിൽ എത്തിച്ചു. സ്മിത സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
തുടർന്ന് പിറവം പൊലീസ് സഥലത്തെത്തി. ഇൻക്സ്റ്റ് നടപടികൾ തുടരുകയാണ്. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.