പിറവം: ജനമൈത്രി പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ വീട്ടമ്മയോട് അപമരാദ്യയായി പെരുമാറിയെന്ന് പരാതി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ജോലിനോക്കുന്ന പാഴൂർ കുഞ്ഞുകറുന്പ് ജംഗ്ഷനു സമീപം താമസിക്കുന്ന യുവതിയായ വീട്ടമ്മയാണ് റേഞ്ച് ഐജി വിജയ് സാക്കറേക്കു പിറവം പോലീസിനെതിരേ പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ 17ന് ആന്ധയിൽനിന്ന് പാഴൂരിലെ വീട്ടിലെത്തിയ യുവതി താൻ ഉപയോഗിച്ചിരുന്ന മുറി കുത്തിത്തുറന്ന് മേശവലിപ്പുകൾ പൊളിച്ചിരിക്കുന്നതായി കണ്ടു. വീട്ടിൽ ഇവരുടെ മാതാവാണ് താമസിക്കുന്നത്.
ഇരുവരും തമ്മിൽ പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകാനായി കഴിഞ്ഞ 17,18 തീയതികളിൽ സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതി പോലീസ് സ്വീകരിച്ചില്ലെന്ന് പറയുന്നു. 19ന് വീണ്ടുമെത്തിയപ്പോഴാണ് പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നു പരാതിയിൽ പറയുന്നു. തുടർന്ന് എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനേത്തുടർന്ന് യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണു യുവതി ഐജിക്ക് പരാതി നൽകിയത്. ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പിറവം പോലീസ് പറഞ്ഞു.
പോലീസ് സ്റ്റേഷന്റെ ഭാഗം മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ എന്തിനാണെന്ന് തിരക്കുക മാത്രമാണ് ചെയ്തതെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നതെന്നും പോലീസ് അധികൃതർ പറഞ്ഞു. ആന്ധയിൽനിന്ന് യുവതി വല്ലപ്പോഴും മാത്രമാണ് നാട്ടിലെത്താറുള്ളത്. യുവതിക്കെതിരേ നേരത്തെ മാതാവ് നൽകിയ പരാതിയും പിറവം പോലീസ് സ്റ്റേഷനിലുണ്ട്.