പിറവം: നടക്കാവ് ഹൈവേ റോഡിൽ പിറവത്തിനടുത്ത് ഓണക്കൂർ നിരപ്പ് ഭാഗത്ത് റോഡ് ഇടിഞ്ഞുതാണു. റോഡിനടിയിലൂടെ പോകുന്ന കലുങ്കിനുള്ളിലേക്ക് വലിയ ദ്വാരമാണ് ഉണ്ടായിരിക്കുന്നത്. നിരപ്പ് മലയിൽ നിന്നും വിരിയപ്പിള്ളിൽ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് ഇതിനയിടിലൂടെ പോകുന്നത്.
റോഡിന്റെ മധ്യഭാഗത്ത് ഇടിഞ്ഞുതാണതുമൂലം ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന ബസുകളും ലോറികളുമെല്ലാം ഓണക്കൂർ പള്ളിപ്പടിയിൽ നിന്നും തിരിഞ്ഞ് കക്കാട് വഴിയാണ് പിറവത്തിന് എത്തുന്നത്. തിരിച്ചും ഈ വഴിയാണ് ഓടുന്നത്.
ഇന്നലെ രാത്രിയിലാണ് റോഡിൽ അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടത്. രാത്രിയും പകലും ഭേദമന്യേ ഓരോ മണിക്കൂറിലും നൂറുക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. ചെറിയ വാഹനങ്ങൾക്ക് ഇപ്പോൾ കഷ്ടിച്ച് ഇതുവഴി പോകാമെങ്കിലും, ഈ ഭാഗവും ഏതു നിമിഷവും ഇടിഞ്ഞുതാഴാവുന്നയവസ്ഥയിലാണ്. കലുങ്കിലൂടെ ശക്തമായിത്തന്നെയാണ് വെള്ളം ഒഴുകുന്നത്.
റോഡ് ദേശീയ നിലവാരത്തിലേക്ക് ഉയർത്തി ടാറിംഗ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയെങ്കിലും പല ഭാഗങ്ങളിലും റോഡിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന കലുങ്കുകൾ പുനർനിർമിച്ചിട്ടില്ലാത്തതാണ് പ്രശ്നമാകുന്നത്.
മഴക്കാലത്താണ് ഇതുവഴി വെള്ളം ഒഴുകുന്നതെങ്കിലും പല കലുങ്കുകളും തകർന്ന അവസ്ഥയിലാണ്. കിഴക്കൻ മേഖലകളിൽ നിന്നും കൊച്ചിയിലേക്കുള്ള പ്രധാന റോഡാണിത്. മുവാറ്റുപുഴ, കൂത്താട്ടുകുളം, പാല തുടങ്ങിയ ഭാഗങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്.